- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശിയ പാതയിലെ മലവെള്ളപ്പാച്ചിൽ; നേര്യമംഗലം വനമേഖലയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി: അഞ്ചിടങ്ങളിൽ ശക്തമായ വെള്ളക്കെട്ട്
അടിമാലി: അപ്രതീക്ഷിത മഴയിൽ ദേശീയപാതയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെ നേര്യമംഗലം വനമേഖലയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. നേര്യമംഗലം വനമേഖലയിൽ അഞ്ചിടങ്ങളിൽ ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി. നേര്യമംഗലം-നീണ്ടപാറയിൽ റോഡിന്റെ കലുങ്ക് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ചാക്കോച്ചിവളവിൽ മലമുകളിൽനിന്ന് മലവെള്ളം എത്തിയത് യാത്രക്കാരിൽ ഭീതിപരത്തി. വാഹനങ്ങൾ മലവെള്ളത്തിൽ ഒഴുകിപ്പോയേക്കാവുന്ന അവസ്ഥവരെ ഉണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്. ഒന്നരമണിക്കൂർ തുടർന്ന മഴയ്ക്ക് പിന്നാലെ മഴവെള്ളപാച്ചിലും ഉണ്ടാവുകയായിരുന്നു. ഞായറാഴ്ചയായതിനാൽ മൂന്നാർ, ശാന്തൻപാറ എന്നിവിടങ്ങളിൽ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. അവരെല്ലാം വഴിയിൽ കുടുങ്ങി.
ചീയപ്പാറയിൽ വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് ഏേെറനരം ഗതാഗതം തടസ്സപ്പെട്ടു. വാളറയിൽ അഗ്‌നിരക്ഷാസേനയും ഹൈവേ പൊലീസും ഹൈവേ ജാഗ്രതാ സമിതിയംഗങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. വനമേഖലയിൽ കുടുങ്ങിയ യാത്രക്കാരെ സുരക്ഷിതമായി നേര്യമംഗലത്തും വാളറയിലും എത്തിച്ചു.
ഇരുമ്പുപാലം പടിക്കപ്പിലും ഒഴുവത്തടത്തും നിരവധി വീടുകളിൽ വെള്ളംകയറി. അടിമാലി ടൗണിലെ ലൈബ്രറി റോഡ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരവധി കടകളിലും വെള്ളംകയറി.



