കണ്ണൂർ: പരിയാരം വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകൽ കടയിലിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതം. കഴിഞ്ഞ ദിവസമാണ് സംഭവം. വീടിനു സമീപം അച്ഛൻ നടത്തുന്ന കടയിൽ കച്ചവടത്തിന് ഇരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അവധി ദിവസമായതിനാൽ പെൺകുട്ടി അച്ഛന്റെ കടയിൽ കച്ചവടത്തിന് ചെല്ലുകയായിരുന്നു.

വെള്ള കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആദ്യം കാറിലുള്ള ആൾ പുറത്തിറങ്ങി സിഗരറ്റ് വാങ്ങാനായി കടയിൽ എത്തി. കടയിൽ സിഗരറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ തിരിച്ച് കാർ എടുത്ത് ചെന്ന് മടങ്ങിവന്നു മിഠായി ചോദിച്ചു. എടുത്തുകൊടുത്ത കുട്ടിയുടെ രണ്ട് കൈ ചേർത്ത് പിടിച്ചു കാറിൽ കയറാൻ ശ്രമിക്കവേ തൂക്കിയിട്ട പഴക്കുലയിൽ ബലമായി പിടിച്ചു കുട്ടി രക്ഷപ്പെട്ടു.

ഈ സമയം കാറിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആൾ റോഡിലൂടെ ആരോ വരുന്നതായി ഇയാൾക്ക് സൂചന നൽകി. ഇതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ഉപേക്ഷിച്ച് ഇരുവരും കടന്നു കളഞ്ഞു. വൈകുന്നേരമാണ് കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞത്. വീട്ടുകാർ പരിയാരം പൊലീസിൽ ഉടനെ തന്നെ പരാതി നൽകി.

പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഈ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിൽ നിർണായക വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സംഭവം നാട്ടിൽ ആകെ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പട്ടാപകൽ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് എന്നതാണ് എല്ലാവരെയും ഒരേപോലെ ഞെട്ടിച്ചിരിക്കുന്നത്.