പാലക്കാട്: മാത്തൂരിൽ ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു. മാത്തൂർ പ്ലാക്കൽ സ്വദേശി ദാമോദരനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് മുന്നിൽ ഫാൻ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

രണ്ട് ദിവസം മുമ്പാണ് ദാമോദരന്റെ കൃഷിഭൂമിയിൽ കൊയ്ത്ത് കഴിഞ്ഞത്. സപ്ലൈക്കോ നെല്ല് സംഭരണം തുടങ്ങുന്നതിന് മുമ്പായി നെല്ല് ഉണക്കിവയ്ക്കാൻ അടുത്തുള്ള കടയിൽനിന്ന് ദാമോദരൻ ഫാൻ വാടകയ്ക്കെടുത്തിരുന്നു. ഫാനിന് ചെറിയ ഷോക്കുണ്ടെന്ന് കടക്കാരൻ പറഞ്ഞപ്പോൾ ശ്രദ്ധിച്ച് ഉപയോഗിച്ചോളാമെന്ന് പറഞ്ഞാണ് ദാമോദരൻ ഫാൻ കൊണ്ടുപോയതെന്നാണ് വിവരം.

എന്നാൽ വീട്ടിലെത്തി പതിര് മാറ്റി നെല്ല് ഉണക്കുന്നതിനിടിയിൽ ദാമോദരന് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം മാത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.