കോഴിക്കോട്: സ്‌കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി കോഴിക്കോട് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പി ടി എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്‌കൂൾ ബസ് പിന്നോട്ട് എടുക്കുമ്പോൾ വിദ്യാർത്ഥിയെ ഇടിക്കുകയായിരുന്നു. വൈകീട്ട് നാലരയോടെയാണ് സംഭവം. സ്‌കൂളിലെ കലോത്സവമായിരുന്ന തിങ്കളാഴ്ച സ്‌കൂൾ വിട്ട ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബാസിഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. വിദ്യാർത്ഥികളെ കൊണ്ടുപോകാനായി വാഹനം എടുത്ത സമയത്താണ് പാർക്കിങ് ഗ്രൗണ്ടിൽ വിദ്യാർത്ഥി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബസ് പിന്നോട്ട് എടുക്കുമ്പോൾ അപകടമുണ്ടായതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

'തലയ്ക്ക് പിറകിൽ മുറിവുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ തന്നെ വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായിരുന്നു. കലോത്സവ ദിനമായതിനാൽ സാധാരണയിൽ നിന്ന് അൽപം വൈകിയാണ് സ്‌കൂൾ വിട്ടത്. അശ്രദ്ധ സംഭവിച്ചതാണെന്ന് പറയാൻ കഴിയില്ല. ബസുകൾ വരിയായി പാർക്ക് ചെയ്ത ശേഷം മാത്രമേ വിദ്യാർത്ഥികളെ കയറാൻ അനുവദിക്കാറുള്ളൂ. അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പരമാവധി സ്‌കൂൾ അധികൃതർ എടുക്കാറുണ്ട്', പ്രധാനധ്യാപകൻ പറഞ്ഞു.