തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ചുള്ളിമാനൂർ വഞ്ചുവത്താണ് മണ്ണിടിഞ്ഞത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് 20 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്. പമ്പയിലും സന്നിധാനത്തും ഇന്നലെ ഉച്ച മുതൽ കനത്ത മഴയുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ഇന്നലെ വൈകിട്ട് മുതൽ ഇടവിട്ട് പെയ്ത കനത്ത മഴയ്ക്ക് അൽപം ശമനമുണ്ട്. കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ മഴ ബാധിക്കും.

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപംകൊണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.