- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റം; സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയ 'ഹീറോ കാർ'; എട്ട് രൂപമാറ്റത്തിന് 44000 രൂപ പിഴചുമത്തി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റം വരുത്തിയ കാർ പിടികൂടി പിഴചുമത്തി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌മെന്റ് വിഭാഗം. പിന്നിൽ പോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 44000 രൂപ പിഴ ചുമത്തി.
സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയ കാറാണ് പിടിയിലായത്. കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് നൽകിയിരുന്ന കാറായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നു.
കോളേജുകളിലെ ആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ. സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്. എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ് സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇതുകൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു. ഹോണ്ട സിറ്റി കാറിൽ ലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. മലപ്പുറത്ത് വെന്നിയൂരിൽ ഉടമയുടെ വീട്ടിലെത്തിയാണ് മോട്ടോർവാഹന വകുപ്പ് കാർ പരിശോധിച്ചത്. സാധാരണ കാർ വാടകയ്ക്ക് നൽകുന്നതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ഈ കാർ വാടകയ്ക്ക് നൽകിയിരുന്നതെന്നാണ് വിവരം.
'വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 44000 രൂപ പിഴ ചുമത്തി. വാഹനത്തിന്റെ ആർസി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കി ഹാജരാക്കിയാൽ മാത്രമേ ആർ.സി. തിരികെ നൽകൂ. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കം റദ്ദാക്കും', എൻഫോഴ്‌സ്‌മെന്റ്‌റ് ആർ.ടി.ഒ. ഷെഫീഖ് വ്യക്തമാക്കി.




