- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണ സമീപനം; എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു; സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി നടപ്പിലാക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് സർക്കാരിന് അനുഭാവപൂർണ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന് ഇക്കാര്യത്തിൽ ഒരു അവ്യക്തതയും ഇല്ല. കാസർകോട് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. കാസർകോട്ടെ ആശുപത്രികളിൽ എൻഡോസൾഫാൻ ബാധിതർക്ക് നൽകുന്ന പരിഗണന തുടരും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി നടപ്പിലാക്കും. ഇതു മനസിലാക്കി സമരത്തിൽനിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും ദയാബായി തയാറായിരുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് അവർ. കാസർകോട്ട് എയിംസ് സ്ഥാപിക്കുക, ദുരിത ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
മുഖ്യമന്ത്രിയുടെ വാക്കുകൾ
സാമൂഹ്യപ്രവർത്തക ദയാബായ് നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാരിനുള്ളത്. അതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർ ഇടപെട്ടതും ചർച്ച നടത്തിയതും ഉറപ്പുകൾ രേഖാമൂലം നൽകിയതും.
എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നത് സർക്കാരിന്റ സുവ്യക്തമായ നിലപാടാണ്. അതിന്റെ ഭാഗമായ ആനുകൂല്യങ്ങളാണ് സർക്കാർ ദുരിതബാധിതർക്ക് നൽകുന്ന നിലയെടുക്കുന്നത്. അത് തുടരുകയും ചെയ്യും. ഇവർ ഉയർത്തിയ നാല് ആവശ്യങ്ങളിൽ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്. അതിൽ ഒരാവശ്യം എയിംസുമായി ബന്ധപ്പെട്ടതാണ്. അത് അംഗീകരിക്കാൻ കഴിയുന്നതല്ല.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ (മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി) എന്റോസൽഫാൻ ദുരിതബാധിതർക്ക് പ്രത്യേക മുൻഗണന ഉറപ്പാക്കും. ഇത് ഇപ്പോൾ തന്നെ നിലവിലുള്ളതാണ്. തുടർന്നും ഉറപ്പാക്കും.
കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി പൂർണ്ണ സജ്ജമാകുമ്പോൾ അവിടെയും സമാന സൗകര്യങ്ങൾ ഒരുക്കും.ടാറ്റാ ട്രസ്റ്റ് ആശുപത്രിയിൽ പ്രത്യേക സൗകര്യം ഒരുക്കുന്നത് പരിഗണിക്കും. പകൽ പരിചരണ കേന്ദ്രത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. നിലവിൽ എൻഡോസൾഫാൻ ദുരിത ബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ഈ ബഡ്‌സ് സ്‌കൂളുകൾ പകൽ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കും.
ഇത്രയും കാര്യങ്ങളാണ് സർക്കാർ ഉറപ്പു നൽകിയത്. നാലാമത്തെ ആവശ്യം എയിംസ് കാസർകോട്ട് വേണം എന്നതാണ്. കോഴികോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൊന്നും അവ്യക്തതകളില്ല. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണ്ണമായി പാലിക്കും. ഈ സാഹചര്യം മനസ്സിലാക്കി സമരത്തിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്.




