കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായക്ക് പേയിളകിയതായി സംശയം. കവിത തീയേറ്ററിനു സമീപം അക്രമാസക്തമായി പരിഭ്രാന്തി പരത്തിയ നായയെ കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നായയെ ആളൊഴിഞ്ഞ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.

ഇതിനു പുറമേ നാലു കുട്ടികളോടു കൂടിയ ഒരു പെൺനായയും ഔദ്യോഗിക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പിടികൂടാനാവാതെ പോയ നായ്ക്കളെ വരുതിയാക്കുന്നതിനുള്ള ശ്രമം നാളെയും തുടരും. എ.ബി.സി മോണിറ്ററിങ് സെൽ അംഗം സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ പത്മരാജ് , മൃഗ ക്ഷേമ പ്രവർത്തകൻ ശ്യാം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇതിനിടെ പടിയൂരിൽ എ.ബി.സി സെന്ററിൽ പാർപ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ തുടങ്ങി. നിലവിൽ 13 നായ്ക്കളാണ് സെന്ററിലുള്ളത്. ഇന്ന് തെരുവുനായ ആക്രമണമുണ്ടായ കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും ഉടൻ തന്നെ നായ പിടിത്തമാരംഭിക്കുമെന്ന് എ.ബി.സിനിർവ്വഹണ ഉദ്യോഗസ്ഥൻ ഡോ. അജിത് ബാബു അറിയിച്ചു

കഴിഞ്ഞ ദിവസം മുനീശ്വരൻ കോവിൽ, എസ്. എൻ പാർക്ക് റോഡ് എന്നിവടങ്ങളിൽ നിന്നും തെരുവുനായ ആറുപേരെ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേരെയും നായയെ പിടികൂടാനെത്തിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരായ രണ്ടുപേരെയുമാണ് കടിച്ചു പരുക്കേൽപ്പിച്ചത്. ഈ നായയെ നിരീക്ഷണകേന്ദ്രത്തിൽ കഴിയവേ പേവിഷബാധയുള്ളതിനാൽ ചത്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു തെരുവുനായകൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.