കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ അർദ്ധരാത്രി ലഹരി പാർട്ടി നടത്തുന്നതിനിടെ ആറ് പേർ പിടിയിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പത്ത് കിലോ മീറ്റർ മാറി രാമന്തളി വടക്കുമ്പാട് വച്ചായിരുന്നു യുവാക്കളുടെ ലഹരി പാർട്ടി. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമന്തളിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടി നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ. അൻവർ (32), കെ.പി. റമീസ് (27), യൂസഫ് അസൈനാർ (27), എം.കെ. ഷഫീഖ് (32), വി.വി. ഹുസീബ് (28), സി.എം.സ്വബാഹ് (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം കിട്ടിയ പയ്യന്നൂർ സബ് ഇൻസ്‌പെക്ടർ വിജേഷ് പിയും സംഘവും യുവാവിന്റെ വീട്ടിലെത്തി. ഈ സമയം സ്വന്തമായി നിർമ്മിച്ച ഹുക്ക വെച്ച് കഞ്ചാവും എംഎംഡിഎംഎയും ഉപയോഗിക്കുകയായിരുന്നു ആറ് യുവാക്കൾ. എംഡിഎഎംഎയും കഞ്ചാവും ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തു.

പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ് കുറവായതിനാൽ ഇവർക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ബംഗളൂരുവിൽ നിന്ന് അന്തർ സംസ്ഥാന ബസ്സിൽ എം ഡി എം എയുമായി കോട്ടയത്ത് എത്തിയ യുവാവും ഇന്ന് അറസ്റ്റിലായി. കോട്ടയം എസ് പി യുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡ് ബേക്കർ ജംഗ്ഷനിൽ നിന്നാണ് അക്ഷയിനെ കസ്റ്റഡിയിലെടുത്തത്. വിപണിയിൽ ഒരു ലക്ഷം വിലവരുന്ന എംഎഡിഎംഎ ചില്ലറ വിൽപനയാക്കാണ് ഇയാൾ എത്തിച്ചത് എന്നാണ് അനുമാനം. ഇരു സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.