കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്വർണത്തിന് അവകാശവാദമുന്നയിച്ചു ഒട്ടേറെപ്പേരെത്തിയതോടെ പൊലിസിനും കണ്ണൂർ ഡിപ്പോയ്ക്കും തലവേദനയായി. തൃശൂരിൽ നിന്നും കണ്ണൂർ ഡിപ്പോയിലേക്ക് വന്ന ട്രാൻസ്പോർട്ട് ബസിൽ നിന്നും 18 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തൃശൂരിൽ നിന്നും കണ്ണൂർ ഡിപ്പോയിലേക്ക് വന്ന ബസിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം.ബസ് കോട്ടക്കലിനും കോഴിക്കോടിനുമിടയിൽ എത്തിയപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പൊതി കണ്ടക്ടർ തുറന്ന് നോക്കിയപ്പോഴാണ് സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് ഡിപ്പോയിൽ അറിയിച്ചെങ്കിലും കണ്ണൂർ ഡിപ്പോയിലുള്ള ബസായതിനാൽ സ്വർണം കണ്ണൂരിലേൽപ്പിച്ചു.

ഒരു സ്വർണ ബിസ്‌ക്കറ്റും ഉരുക്കിയ ഏതാനും കഷ്ണം സ്വർണങ്ങളുമാണ് കണ്ടെത്തിയത്. സ്വർണം കളഞ്ഞു കിട്ടിയതറിഞ്ഞു ചിലർ വ്യാജ ബില്ലുമായി എത്തിയെങ്കിലും തുക്കം കൃത്യമായി തെളിയിക്കാൻ ആർക്കും സാധിച്ചില്ലെന്ന് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ ജനറൽ കൺട്രോളിങ് ഓഫീസർ സജിത്ത് സാദാനന്ദൻ പറഞ്ഞു.

നികുതി വെട്ടിച്ചു കടത്തി കൊണ്ട് വന്ന സ്വർണമാണെന്നാണ് കണ്ണൂർ ടൗൺ പൊലിസിന്റെ നിഗമനം. സംഭവത്തിൽ കണ്ണൂർ ടൗൺ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്