ചക്കരക്കൽ: കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ കേസിൽ മൂന്ന് പേർ റിമാൻഡിൽ. കൂത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടി ടൗൺ കേന്ദ്രീകരിച്ച് വൻ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടത്തിയവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഞ്ചരക്കണ്ടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ചൂതാട്ട സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്.

അഞ്ചരക്കണ്ടി ടൗണിലെ ചില കടമുറികൾ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രധാന കണ്ണികളെന്ന് കരുതുന്ന മൂന്ന് പേരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്.

മറ്റ് ഏതാനും പേർ രക്ഷപ്പെട്ടതായാണ് വിവരം. മാങ്ങാട്ടിടം വട്ടിപ്രത്തെ പി നിഷാന്ത്, വേങ്ങാട് കല്ലായിയിലെ കെ കെ രവീന്ദ്രൻ , കൊളപ്പയിലെ കെ ഷമൽ എന്നിവരാണ് പിടിയിലായത്. സംഘത്തിൽപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.