ന്യൂഡൽഹി: സന്ദർശകരെ വരവേൽക്കാൻ അസോല ഭാട്ടി വന്യജീവി സങ്കേതത്തിൽ കൃത്രിമ വെള്ളച്ചാട്ടവും ഒഴുകിനടക്കുന്ന ജലധാരകളും ഒരുങ്ങുന്നു. അസോലയിലെ നീലിജീൽ തടാകത്തിലാണ് കൃത്രിമ വെള്ളച്ചാട്ടങ്ങളും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലധാരകളും തയ്യാറാക്കുന്നത്.

മൈദൻഗർഹി പ്രവേശന കവാടത്തിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടങ്ങൾക്കായി നാല് സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ തടാകത്തിലെത്തുന്ന വെള്ളം ഇവിടെ 100 അടിയോളം ഉയരത്തിൽ പമ്പ് ചെയ്താണ് വെള്ളച്ചാട്ടം സൃഷ്ടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിശ്ചലമായ ജലാശയത്തിലെ സസ്യജന്തുജാലങ്ങളുടെ വളർച്ചയെ സുഗമമാക്കാനും വെള്ളച്ചാട്ടം സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രവർത്തിപ്പിച്ചുതുടങ്ങി.

നീലിജീലിനു ചുറ്റും സന്ദർശകർക്ക് സുരക്ഷിതമായ വ്യൂപോയന്റുകൾ വികസിപ്പിക്കും. പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രവർത്തിക്കുന്ന നിലവിലുള്ള സംവിധാനം നവീകരിക്കും. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ചെറുചായക്കടകളും ശൗചാലയങ്ങളും ക്രമീകരിക്കും.

സന്ദർശകർക്കായി ഇ-വാഹനങ്ങളും ഇലക്ട്രിക് ഫീഡർ ബസുകളും വിന്യസിക്കാനും തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. പരിസ്ഥിതി, വനംവകുപ്പുമായി ഏകോപിപ്പിച്ച് അസോല ഭാട്ടിയയെ ഇക്കോ ടൂറിസം ഹോട്ട്‌സ്‌പോട്ടാക്കി മാറ്റാനുള്ള ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നിർദേശത്തെ തുടർന്നാണ് പ്രദേശം വികസിപ്പിച്ചത്.

നഗരത്തിന്റെ സൗന്ദര്യാത്മക നവീകരണത്തിന് പുറമെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന പൊതു ഹരിതഇടം പ്രദാനം ചെയ്യുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് സക്‌സേന നേരത്തേ പറഞ്ഞിരുന്നു.