പള്ളുരുത്തി: എസ്എഫ്‌ഐ നേതാവിനെ പള്ളുരുത്തി പൊലീസ് ജീപ്പിൽ കയറ്റി മർദിച്ചതായി പരാതി. എസ്എഫ്‌ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി.എസ്.വിഷ്ണുവിനെയാണ് പള്ളുരുത്തി എസ്‌ഐ അശോകൻ മർദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് അക്വിനാസ് കോളജ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. വിദ്യാർത്ഥികളോട് പൊലീസ് അപമര്യാദയായി പെരുമാറുന്നത് കചോദ്യം ചെയ്തതോടെയാണ് എസ്‌ഐ വിഷ്ണുവിനെതിരെ തിരിഞ്ഞച്.

ബിരുദ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി അകാരണമായി പൊലീസ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് പൊലീസ് മർദിക്കാൻ കാരണമെന്നു പറയുന്നു. വിദ്യാർത്ഥികളെ അസഭ്യം പറയുന്നത് ചോദ്യം ചെയ്തതോടെ വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറഞ്ഞ് ജീപ്പിൽ പിടിച്ചുകയറ്റുകയും ചെയ്തു. ഈ സമയം എസ്‌ഐ വിഷ്ണുവിന്റെ നെഞ്ചിൽ പല തവണ ഇടിച്ചു പരിക്കേൽപ്പിച്ചു. ജീപ്പിൽ കയറിയ ശേഷം സ്റ്റേഷനിലേക്കു പോകുംവഴി പൊലീസ് കഴുത്തിൽ വട്ടംപിടിച്ച് ശ്വാസം മുട്ടിച്ചതായും വിഷ്ണു പറയുന്നു.

പൊലീസ് ജീപ്പിൽ കയറ്റി വിഷ്ണുവിനെ എസ്‌ഐ നെഞ്ചിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ വിഷ്ണു കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അസി. കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എസ്‌ഐക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ പള്ളുരുത്തി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.