തൃശ്ശൂർ: ഹൈക്കോടതി വരെ അനുകൂല ഉത്തരവിട്ടിട്ടും സ്വന്തം പാടത്ത് വിത്തുവിതയ്ക്കാനുള്ള സഹായംതേടുകയാണ് 82-കാരനായ മൂർക്കനിക്കര ചെമ്മണ്ടവീട്ടിൽ സി.വി. രാമൻ. കഴിഞ്ഞ 14 വർഷമായി പാടത്തു വിത്തിറക്കാൻ വേണ്ടി പല ഓഫിസുകളിൽ നിന്നും സഹായത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം, വില്ലേജ് ഓഫീസ് മുതൽ ഹൈക്കോടതിവരെ അനുകൂലമായി ഉത്തരവിട്ടിട്ടും വിത്തിറക്കൽ നടന്നില്ല. ഏറ്റവുമൊടുവിൽ 2022 ഓഗസ്റ്റിൽ വന്ന ഹൈക്കോടതി ഉത്തരവും അവഗണിക്കപ്പെട്ടു.

2008-ൽ തൊട്ടടുത്ത പാടത്ത് അനധികൃത മണ്ണെടുപ്പും നികത്തലും തുടങ്ങിയപ്പോഴാണ് രാമന്റെ പാടത്തെ കൃഷി വഴിമുട്ടിയത്. ഇതിനെതിരേ നിയമത്തിന്റെ പടവുകൾ ഓരോന്നായി കയറി. വില്ലേജ് ഓഫീസ്, ജിയോളജി ഓഫീസ്, കളക്ടർ, കൃഷിവകുപ്പ് സെക്രട്ടറി, വിവരാവകാശ കമ്മിഷൻ, ഹൈക്കോടതി... പടവുകളിലോരോന്നിലും അനുകൂല ഉത്തരവുണ്ടായി. പാടം പൂർവസ്ഥിതിയിലാക്കണമെന്നതായിരുന്നു ഉത്തരവ്. ഒന്നും നടപ്പായില്ല.

2016-ൽ ആണ് ഹൈക്കോടതിയിൽനിന്ന് ആദ്യം അനുകൂല ഉത്തരവുണ്ടാകുന്നത്. ഇതു നടപ്പാക്കാത്തതിനെതിരേ നൽകിയ ഹർജിയിൽ 2022 ഓഗസ്റ്റിൽ വീണ്ടും അനുകൂല ഉത്തരവുവന്നു. നാലാഴ്ചക്കുള്ളിൽ വിധി നടപ്പാക്കാനാണ് കളക്ടറോട് കോടതി നിർദേശിച്ചിരുന്നത്. ഒന്നും നടന്നില്ല. സ്ഥലം വാങ്ങാൻ വേണ്ടിവന്നതിനെക്കാൾ തുക നീതി കിട്ടാൻ അദ്ദേഹം ചെലവാക്കി. ഹൈക്കോടതി വിധി മലയാളത്തിലാക്കാൻവേണ്ടി മാത്രം ഏറ്റവുമൊടുവിൽ ഏഴായിരം രൂപയാണ് വേണ്ടിവന്നത്. ഓഫീസുകളിലേക്കുള്ള നിരന്തരയാത്രകൾ, പഴയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കൽ, വക്കീൽഫീസ്... ചെലവും ബുദ്ധിമുട്ടുകളും ഏറിയതായിരുന്നു ഈ പോരാട്ടവഴികൾ.