- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേച്ചേരി ചിറ്റ്സിന്റെ പുനലൂരിലെ ആസ്ഥാന ഓഫീസ് പൊലീസ് പൂട്ടി മുദ്രവെച്ചു; ചിട്ടി തട്ടിപ്പിൽ വേണുഗോപാലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ്
പുനലൂർ: ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേച്ചേരി ചിറ്റ്സിന്റെ പുനലൂരിലെ ആസ്ഥാന ഓഫീസ് പൊലീസ് പൂട്ടി മുദ്രവെച്ചു. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് എതിർവശത്തുള്ള ഓഫീസ് ചൊവ്വാഴ്ച നാലുമണിയോടെയാണ് പൂട്ടിയത്. പുനലൂരിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഓഫീസിൽ ആരും പ്രവേശിക്കാതിരിക്കാനും തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
പുനലൂർ സ്റ്റേഷനിൽ ഇതുവരെ നാല്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാർ പറഞ്ഞു. കൊട്ടാരക്കരയിൽ പത്തുദിവസംമുമ്പ് അറസ്റ്റിലായ സ്ഥാപന ഉടമ പത്തനാപുരം കമുകുംചേരി ഹരിഭവനിൽ എസ്.വേണുഗോപാലിനെ (57) കസ്റ്റഡിയിൽ വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ബാധ്യത കാരണം മുങ്ങിയെന്ന വാർത്ത പരക്കുന്നതിനിടെ വിശദീകരണ വീഡിയോയുമായി കേച്ചേരി ചിട്ട്സ് ഉടമ വേണുഗോപാൽ രംഗത്ത് വന്നിരുന്നു. നോട്ടു നിരോധനം മുതൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി മഹാപ്രളയവും കോവിഡും രൂക്ഷമാക്കിയെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തിയപ്പോൾ നൽകാൻ കഴിയാതെ പോയെന്നും വേണുഗോപാൽ സമ്മതിച്ചിരുന്നു. ആരുടെയും പണം പോകില്ല. തന്റെ വസ്തുവകകൾ വിറ്റ് പണം നൽകുമെന്നും അറിയിച്ചു. ഇതിനു ശേഷവും വേണുഗോപാലിന് ഒന്നും ചെയ്യാനായില്ല.
സംസ്ഥാനത്ത് ഉടനീളം 33 ബ്രാഞ്ചുകളിൽ നിന്നായി 1200 കോടിയോളം രൂപയുടെ നിക്ഷേപം തട്ടിയെടുത്തതായാണു പരാതി. ബാങ്ക് ഡിവിഷനൽ മാനേജർമാരുടെ രഹസ്യയോഗം ചേരാൻ താമരക്കുടിയിലെ ഒരു വീട്ടിലെത്തിയതായി നിക്ഷേപകർക്കു രഹസ്യവിവരം ലഭിച്ചിരുന്നു. മൂന്നു ഡിവിഷനൽ മാനേജർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ 18 ഇടപാടുകാരിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതി. പുനലൂർ കേന്ദ്രമാക്കിയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ നിക്ഷേപകരുടെ പണം കുടിശിക വരുത്തി. ചിട്ടി ലഭിച്ചവർക്കും പണം നിക്ഷേപിച്ചവർക്കും പണം ലഭിക്കാതെ വന്നതോടെയാണ് പൊലീസിനു മുന്നിൽ പരാതിയെത്തിയത്. നിക്ഷേപകരുടെ കൂട്ടായ്മയും സമരവുമായി രംഗത്തു വന്നിരുന്നു. ഇതിനിടെയാണ് വീഡിയോയുമായി വേണുഗോപാലും എത്തിയത്.
നിക്ഷേപകർ തടഞ്ഞു വച്ച് മർദിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മാറി നിൽക്കുന്നത് എന്നായിരുന്നു പ്രചരണം. താൻ ആത്മാർഥമായി സ്നേഹിച്ചു കൂടെ കൊണ്ടു നടന്ന ജീവനക്കാരനാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം അഴിച്ചു വിട്ടത്. ഇതു കാരണമാണ് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാനെത്തിയത്. തന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം സഹിതമാണ് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടത്. സാമ്പത്തിക കാര്യങ്ങളിൽ യാതൊരു ബന്ധവും തന്റെ കുടുംബത്തിനില്ല. ചിട്ടി എന്താണെന്ന് പോലും ഭാര്യയ്ക്കും മകനും അറിയില്ല. ഒപ്പം നടന്നിരുന്നയാൾ ഇങ്ങനെ ഒരു ചതി ചെയ്തതിൽ വിഷമമുണ്ട്. എന്നു വച്ച് അയാളോട് യാതൊരു വിരോധവും ഇല്ലെന്നും കാര്യറ സ്വദേശിയായ വേണുഗോപാൽ പറഞ്ഞിരുന്നു.
നിക്ഷേപകരിൽ നിന്ന് നിക്ഷേപമായും ചിട്ടി നടത്തിയും 1300 കോടിയുടെ ബാധ്യതയുമായി കേച്ചരി ചിറ്റ്സ് ഉടമയും കുടുംബവും സഹായികളും മെയ് ഒന്നിന് മുങ്ങിയെന്ന വാർത്ത പുറത്തു വിട്ടത് മറുനാടനായിരുന്നു. പൊലീസിലും രഹസ്യാന്വേഷണ വിഭാഗത്തിലും നിന്ന് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. മറുനാടൻ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി വേണുഗോപാൽ രംഗത്തു വന്നത്. ചിട്ടിതട്ടിപ്പിനും നിക്ഷേപ തട്ടിപ്പിനുമെതിരേ പുനലൂർ സ്റ്റേഷനിൽ നിരവധി പരാതികൾ എത്തിയിട്ടുണ്ട്. എന്നാൽ, മുകളിൽ നിന്നുള്ള നിർദ്ദേശം കാരണം തുടക്കത്തിൽ കേസെടുത്തിരുന്നില്ല.
നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ പലിശ നൽകിയിരുന്നുവെന്നാണ് വേണുഗോപാലിന്റെ കുമ്പസാരം. 1300 കോടിയുടെ ബാധ്യത ഒന്നുമില്ല. തനിക്കുള്ള വസ്തുവകകൾ വിറ്റാൽ തീരാവുന്ന ബാധ്യത മാത്രമേ ഇപ്പോഴുള്ളൂ. അതിന് പക്ഷേ കാലതാമസം നേരിടേണ്ടി വരും. അതു വരെ നിക്ഷേപകർ സഹകരിക്കണമെന്നും ഇയാൾ അഭ്യർത്ഥിച്ചിരുന്നു. 1300 കോടിയുമായിട്ടാണ് താൻ മുങ്ങിയതെന്ന പ്രചാരണവും ഇയാൾ നിഷേധിക്കുന്നു. മുന്നൂറ് കോടിയുടെ ആസ്തി പോലും തനിക്കില്ല. ചെറിയൊരു കുറിച്ചിട്ടിയുമായി തുടങ്ങിയതാണ്. പിന്നീടാണ് കമ്പനിയായി വളർന്നത്. മൂന്നു ജില്ലകളിൽ ശാഖകളുണ്ട്. വസ്തു വകകളുമുണ്ട്.
നോട്ടു നിരോധനമാണ് കമ്പനിയുടെ തകർച്ചയുടെ തുടക്കമെന്ന വിചിത്രമായ കാരണമാണ് ഉടമ പറയുന്നത്. 2018 ലെ മഹാപ്രളയവും ബാധിച്ചുവത്രേ. ഏറ്റവും രസകരമായ കാര്യം കമ്പനിയുടെ ശാഖകൾ ഉള്ള സ്ഥലങ്ങളിൽ മഹാപ്രളയം ബാധിച്ചത് ചെങ്ങന്നൂർ, പന്തളം എന്നീ ശാഖകളെ മാത്രമാണ്. രണ്ടു ശാഖകളെ പ്രളയം ബാധിച്ചതു കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം നിരത്തുന്നത്. മറ്റൊരു പ്രധാന കാരണമായി പറയുന്നത് കോവിഡാണ്. കോവിഡ് കാലത്ത് ചിട്ടിയുടെ അടവ് മുടങ്ങി. സ്വർണപ്പണയത്തിലുള്ള പലിശ കിട്ടാതെ പോയി. ഇനിയാണ് ഏറ്റവും വിചിത്രമായ കാരണം പറയുന്നത്.
കോവിഡ് ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിച്ചാണത്രേ സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം! ലോക്ഡൗൺ പിൻവലിച്ചതോടെ നിക്ഷേപകർക്ക് പണത്തിന് അത്യാവശ്യം വരികയും രണ്ടര വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അവർ നിക്ഷേപം പിൻവലിക്കാനെത്തുകയും ചെയ്തു. ഇതു വരെ പലിശ പിൻവലിക്കാതിരുന്നവർ ഒറ്റ ഗഡുവായി അത് ആവശ്യപ്പെട്ടു വന്നു. കുറച്ച് സ്വത്തുക്കൾ പണയം വച്ച് ഒരു കോടിയോളം അവർക്ക് നൽകി. ശേഷിച്ചത് പണയപ്പെടുത്തി ബാങ്കിൽ നിന്ന് ലോണെടുക്കാൻ ശ്രമിച്ചു. സ്ഥാപനം പൊട്ടിയെന്ന വാർത്ത പരന്നതു കൊണ്ടാകാം അത് ലഭിക്കാതെ പോയി. ഒരു തോട്ടം വിൽക്കാൻ ശ്രമിച്ചു. അതിന് നാലിലൊന്ന് വില പോലും പറഞ്ഞില്ല. സാഹചര്യം മുതലെടുക്കുകയായിരുന്നു അവർ. എന്നിട്ടും അതുകൊടുത്ത് കുറച്ച് കടം വീട്ടാൻ ശ്രമിച്ചു.
ഇതൊന്നും നടക്കാതെ വന്നു. അപ്പോഴാണ് നിക്ഷേപകർ തന്നെ ബന്ദിയാക്കി പണം വാങ്ങാനെത്താൻ സാധ്യതയുണ്ടെന്ന വിവരം കിട്ടിയത്. ഇതോടെയാണ് വീടു പൂട്ടി നാടുവിടേണ്ടി വന്നത്. യാത്രാച്ചെലവിന് പോലും പണമുണ്ടായിരുന്നില്ല. ഒരു സുഹൃത്തിൽ നിന്നും കടം വാങ്ങിയാണ് പോയത്. താനൊരാളെയും പറ്റിക്കില്ല. നാട്ടുകാരെ പറ്റിച്ച പണം കൊണ്ട് ഒരിക്കലും സുഖമായി ജീവിക്കാൻ കഴിയില്ലെന്നും വേണുഗോപാൽ വിശദീകരിച്ചിരുന്നു.



