- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ് എയ്ഡന് രണ്ടാം പിറന്നാൾ; അനുപമയ്ക്കും അജിത്തിനുമൊപ്പം ആഘോഷമാക്കി സുഹൃത്തുക്കൾ; കനൽവഴികളിൽ ഒപ്പം നിന്നവർക്കൊപ്പം ആഘോഷമെന്ന് പ്രതികരണം
തിരുവനന്തപുരം: കുഞ്ഞ് എയ്ഡന്റെ രണ്ടാം പിറന്നാൾ ആഘോഷമാക്കി അച്ഛനും അമ്മയും സുഹൃത്തുക്കളും. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകി നിയമപോരാട്ടത്തിനൊടുവിൽ അമ്മയുടെ കൈകളിലെത്തിയ എയിഡന് മാതാപിതാക്കളോടൊപ്പമുള്ള ആദ്യ പിറന്നാളായിരുന്നു ഇന്നത്തേത്. നിയമപോരാട്ടത്തിൽ ഒപ്പം നിന്നവർക്കും, പ്രാർത്ഥിച്ചവർക്കും, സമരപരിപാടികൾക്ക് പങ്കാളിയായവർക്കും നന്ദി പറഞ്ഞാണ് അനുപമയും അജിത്തും മകന്റെ പിറന്നാൾ ആഘോഷിക്കുന്നത്.
വയസ് രണ്ടേ ആയുള്ളുവെങ്കിലും ഇതിനിടയിൽ കേട്ടുകേൾവില്ലാത്ത അനുഭവങ്ങൾ മറികടന്നുവന്നതാണ് എയ്ഡൻ. ആദ്യ പിറന്നാളിനു ഇവൻ അമ്മയ്ക്കും അച്ഛനുമൊപ്പമായിരുന്നില്ല. പിറന്നാളും കടന്നു ഒരു മാസം കഴിഞ്ഞാണ് അനുപമയുടെയും അജിത്തിന്റെയും കൈകളിലേക്ക് ഇവൻ എത്തുന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ. ഇതവന്റെ ആദ്യ പിറന്നാൾ തന്നെയെന്നു അനുപമ പറയുന്നു. കനൽവഴികളിൽ ഒപ്പം നിന്നവർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനാണു തീരുമാനമെന്നു അജിത്ത് പറഞ്ഞു.
പോരാട്ടത്തിനൊടുവിൽ മകനെ കയ്യിൽ കിട്ടിയതുകൊണ്ടാണ് ജ്വാല എന്ന് അർഥം വരുന്ന എയ്ഡൻ എന്ന പേരു മകനു നൽകിയത്. എന്നാൽ മുഖം കാണും മുൻപേ കുഞ്ഞിനെ തന്നിൽ നിന്നകറ്റിയവർ ഇപ്പോഴും അധികാര സ്ഥാനങ്ങളിലിരിക്കുന്നതിന്റെ നിസഹായത അനുപമ മറച്ചുവയ്ക്കുന്നില്ല.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പേരൂർക്കടയിലെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് ദത്ത് നൽകിയ കുഞ്ഞിനെ അതിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ ലഭിച്ചത്.
അമ്മയിൽ നിന്ന് ബന്ധുക്കൾ എടുത്തുമാറ്റിയ കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നടത്തിയ നിയമപോരാട്ടം കഴിഞ്ഞ വർഷം കേരളം കണ്ടതാണ്. 2020 ഒക്ടോബർ 19 നാണ് കുഞ്ഞിന്റെ ജനനം. എന്നാൽ, മൂന്നുദിവസം മാത്രമായിരുന്നു അനുപമയ്ക്ക് ഒപ്പം അവനുണ്ടായിരുന്നത്. താൻ വഞ്ചിക്കപ്പെട്ടുവെന്ന് അനുപമ തിരിച്ചറിയുമ്പോഴേക്കും കുഞ്ഞ് കാണാമറയത്തായി.
ഒരു വർഷത്തിന് ശേഷം ഒരു മാസത്തെ സമരങ്ങൾക്കൊടുവിലും നിയമപോരാട്ടങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം നവംബർ 24നാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചുകിട്ടിയത്. കുഞ്ഞിനെ തിരികെക്കിട്ടാനുള്ള അമ്മയുടെ സമരത്തിനിടയിലായിരുന്നു അവന്റെ ഒന്നാം പിറന്നാൾ. ആ സമയം ദത്തെടുത്ത ആന്ധ്രാപ്രദേശ് സ്വദേശികൾക്കൊപ്പമായിരുന്നു കുഞ്ഞ്.
തലസ്ഥാനത്ത് മുൻപൊങ്ങും കണ്ടിട്ടില്ലാത്തൊരു സമരമായിരുന്നു അനുപമയുടേത്. കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ മുട്ടാത്ത വഴികളില്ലായിരുന്നു. അന്ന് തനിക്കൊപ്പം കൂടെനിന്ന എല്ലാ നല്ല മനുഷ്യരെയും പിറന്നാളിന് ക്ഷണിച്ചിട്ടുണ്ടെന്ന് അനുപമ പറഞ്ഞിരുന്നു. ദത്തു വിവാദത്തിനു മുൻപ് പേരൂർക്കടയിലെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയിൽ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂർത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ.




