തലശേരി: ഗൾഫിലെ ഓയിൽ കമ്പനിയിൽ ജോലി ലഭിക്കുന്നതിനായി വിസവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറം സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ തലശേരികോടതിയുടെ നിർദ്ദേശപ്രകാരം എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ ഒറ്റയിൽ ഹൗസിൽ എം.വി നുസ്രത്ത്(46) ഇവരുടെ ഭർത്താവും തിരൂരിലെ മിനിസൂപ്പർമാർക്കറ്റ് ഉടമയായ ഒറ്റയിൽ ഹാറൂൺ(52) കേച്ചേരി രായന്മരക്കാർ വീട്ടിൽ ആർ.പി റെജുല(54) ഇവരുടെ ഭർത്താവും കുവൈറ്റിലെ ഓയിൽ കമ്പനി ഡ്രൈവറായ തിരൂർ ഒറ്റയിൽ ഹൗസിൽ ഫിറോസ് മുഹമ്മദ്(56) സുംഗാര മുഹമ്മദ് ഷെരീഫ് എന്നിവർക്കെതിരെയാണ് തലശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുകോടതിയുടെ നിർദ്ദേശപ്രകാരം എടക്കാട് സി. ഐ സത്യനാഥൻ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

2021- ഓഗസ്റ്റ് മുതൽ 2022-ജൂൺവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിമൂന്നോളം പേരിൽ നിന്നും ഇരുപതു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂർ കിഴുന്നയിലെ കെ.ടി രാജു അഡ്വ. ടി.സി അനുരാഗ് മുഖേനെ നൽകിയ ഹരജിയെ തുടർന്നാണ് തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്.

ജഡ്ജ് രഹാന രാജീവൻ ഉത്തരവിട്ടതുപ്രകാരമാണ് എടക്കാട് പൊലിസ് കേസെടുത്ത് പ്രതികൾക്കെതിരെ അന്വേഷണമാരംഭിച്ചത്. കുവൈറ്റിൽ വിസ വാഗ്ദാനം ചെയ്തു തന്നിൽ നിന്നും പ്രതികൾ 5,70,000 തട്ടിയെടുത്തുവെന്നാണ് കെ.ടി രാജുവിന്റെ പരാതി. ഇയാളുടെ സുഹൃത്തായ ഉളിക്കൽ സ്വദേശി ബിജു ജോണിൽ നിന്നും പ്രതികൾ ഓയിൽ കമ്പനി ഓഫ് ഷോർ മെക്കാനിക്ക് ജോലി വാഗ്ദാനം ചെയ്തു മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

നേരത്തെ പണം നഷ്ടപ്പെട്ടവർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയതിനെതുടർന്ന് പ്രതികളെ എടക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഒത്തുതീർപ്പു ചർച്ചയുടെ ഭാഗമായി പരാതിക്കാർക്ക് പ്രതികൾ പൊലിസിന്റെ സാന്നിധ്യത്തിൽ ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ഇതു വണ്ടി ചെക്കായി മടങ്ങിയെന്ന മറ്റൊരു പരാതി കൂടി നിലവിലുണ്ട്. വണ്ടിചെക്കു കേസിൽ അന്വേഷണം നടത്തിവരികയാണെന്ന് എടക്കാട് പൊലിസ് അറിയിച്ചു.