തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ രണ്ടു പൊലീസുകാർ ജില്ലാ ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകി. ഇരയായ സ്ത്രീക്കൊപ്പം കോവളത്തു വെച്ച് കണ്ടുവെന്നാണ് കോവളം സ്റ്റേഷനിലെ പോലുസുകാർ മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 14നു കോവളത്ത് ആത്മഹത്യാ മുനമ്പിൽ വച്ച് എംഎൽഎ മർദിച്ചെന്ന യുവതിയുടെ പരാതിയിൽ 2 പൊലീസുകാർ സ്ഥലത്ത് എത്തിയതിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. മർദനത്തെത്തുടർന്നു ബഹളം വച്ചപ്പോൾ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയെന്നാണു യുവതിയുടെ മൊഴിയിൽ പറയുന്നത്.

ഇതേ തുടർന്നാണ് കോവളം സ്‌റ്റേഷനിലെ പൊലീസുകാർ ക്രൈംബ്രാഞ്ചിന് മുന്നിലെത്തി യുവതിക്ക് അനുകൂലമായ മൊഴി നൽകിയത്. അന്ന് ഒപ്പമുള്ളത് ഭാര്യയാണെന്നു എംഎൽഎ അറിയിച്ചുവെന്നും തുടർന്ന് യുവതിയെയും എംഎൽഎയും കാറിൽ കയറ്റി അയച്ചെന്നുമാണ് പൊലീസുകാരുടെ മൊഴി. സംഭവം നടന്നുവെന്നു യുവതി ആരോപിക്കുന്ന ദിവസം എംഎൽഎ കോവളത്ത് ഉണ്ടായിരുന്നുവെന്ന വാദത്തിന് ബലമേകുന്നതാണ് പൊലീസുകാരുടെ മൊഴി. കോവളം ഗെസ്റ്റ് ഹൗസിൽ അന്നു എംഎൽഎ മുറിയെടുത്തതിന്റെ രേഖകളും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ശേഖരിച്ചു. ഇതോടെ തെളിവുകളെല്ലാം എംഎ്ൽഎയ്ക്ക് എതിരായിരിക്കുകയാണ്.

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ അഡിഷനൽ സെഷൻസ് കോടതി ഇന്നു വിധി പറയും. നേരത്തെ ചുമത്തിയിരുന്ന കുറ്റങ്ങൾക്ക് പുറമേ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.