- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠന യാത്ര മൂന്ന് ദിവസം മാത്രം; രാത്രി 10നു ശേഷവും രാവിലെ അഞ്ചിനു മുൻപും യാത്ര പാടില്ല:15 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ
തിരുവനന്തപുരം: ഒരു അക്കാദമിക വർഷം പരമാവധി മൂന്ന് ദിവസമേ സ്‌കൂളുകളിൽനിന്നു പഠനയാത്ര പാടുള്ളൂവെന്നു നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അത് ഇടവിട്ടോ ഒരുമിച്ചോ ആകാം. തുടർച്ചയായ മൂന്ന് ദിവസമാണെങ്കിൽ സ്‌കൂൾ അവധിദിവസം കൂടി ഉൾപ്പെടുത്തി യാത്ര ക്രമീകരിക്കണം. കേന്ദ്ര സിലബസിലുള്ളവ അടക്കം എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം ബാധകമാണെന്നും പരിഷ്‌കരിച്ച മാർഗരേഖയിൽ പറയുന്നു
ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ പഠനയാത്രയ്ക്ക് ഉപയോഗിക്കാവൂ. യാത്രയിൽ 15 വിദ്യാർത്ഥിനികൾക്ക് ഒരു അദ്ധ്യാപിക, 15 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്ന അനുപാതം ഉറപ്പാക്കണം. രാത്രി 10നു ശേഷവും രാവിലെ 5നു മുൻപും യാത്ര പാടില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം.
യാത്രയ്ക്കായി അമിത തുക ഈടാക്കാൻ പാടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടക്കം എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ളതും വിദ്യാഭ്യാസപരമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളും സ്ഥാപനങ്ങളുമാണ് യാത്രയ്ക്കു തിരഞ്ഞെടുക്കേണ്ടത്. യാത്ര, വാഹനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നൽകണം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കണം.
സ്‌കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിൽ ഒരു അദ്ധ്യാപക കൺവീനറുടെ ചുമതലയിലായിരിക്കണം യാത്ര. സ്‌കൂൾ പാർലമെന്റിലെ വിദ്യാർത്ഥി പ്രതിനിധിയും 2 അദ്ധ്യാപകരും ഒരു പിടിഎ പ്രതിനിധിയും ഉൾപ്പെട്ട ടൂർ കമ്മിറ്റി രൂപീകരിക്കണം. പിടിഎ എക്‌സിക്യൂട്ടീവിന്റെ അംഗീകാരം നേടണം. യാത്രാ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് മേലധികാരിക്കും സമർപ്പിക്കണം.
ടൂറിസം വകുപ്പ് അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരെ മാത്രമേ ഉപയോഗിക്കാവൂ. അനധികൃതമായി രൂപമാറ്റം വരുത്തിയതും അധിക ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുത്. ന്മ പുകവലിയും ലഹരി ഉപയോഗവും കർശനമായി തടയണം. സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്രങ്ങളും വിഡിയോയും പകർത്താനോ പങ്കുവയ്ക്കാനോ പാടില്ല. തിരിച്ചെത്തി ഒരാഴ്ചയ്ക്കകം പ്രധാനാധ്യാപകർ വിദ്യാഭ്യാസ വകുപ്പിനും റിപ്പോർട്ട് നൽകണം.



