കൊട്ടാരക്കര:പ്രവാസിയിൽനിന്ന് ഓൺലൈനിലൂടെ 1.6 കോടി രൂപ തട്ടിയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ കുടുങ്ങി. ത്രിപുര സ്വദേശി ഗവർണർ റിയാങ്ങാണ് ത്രിപുരയിലെ ഡാംചേരിയിൽനിന്ന് പിടിയിലായത്. കുന്നിക്കോട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കൊല്ലം റൂറൽ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എലിയാസ് പി.ജോർജ്, എസ്‌ഐ. എ.എസ്.സരിൻ, എഎസ്ഐ. സി.എസ്.ബിനു, സിവിൽ പൊലീസ് ഓഫീസർ ജി.കെ.സജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്.

ഇറ്റാലിയൻ സ്വദേശിനിയാണെന്ന വ്യാജേന, ബിസിനസ് പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറൻസ് ഫീസും ഇൻകംടാക്സും അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. പതിന്നാലിൽപ്പരം ഇതരസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂന്നുമാസംകൊണ്ടാണ് പരാതിക്കാരൻ 1.6 കോടി രൂപ 44 തവണകളായി അയച്ചത്. മെസഞ്ചർ ആപ്ലിക്കേഷൻ വഴി വീഡിയോ കാൾ ചെയ്തായിരുന്നു ബന്ധം സ്ഥാപിച്ചത്.

ക്യാമറയിൽ പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. പ്രതികരണം ലഭിക്കാതെവന്നതോടെയാണ് തട്ടിപ്പു ബോധ്യപ്പെട്ടത്. തുടർന്ന് കൊല്ലം റൂറൽ പൊലീസിൽ പരാതിപ്പെട്ടു. സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം, ത്രിപുര, നാഗാലാൻഡ്, ഡൽഹി, തെലങ്കാന, ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ തട്ടിപ്പുസംഘങ്ങൾ ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായി. കൃത്രിമ രേഖകളുണ്ടാക്കി സിംകാർഡും അക്കൗണ്ടുകളും എടുക്കുന്നവരെ ഒരുമിപ്പിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പുതുക എത്തിച്ചേർന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. അസമിലെ സിൽച്ചാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വ്യാജ രേഖകളുണ്ടാക്കി കരസ്ഥമാക്കിയ സിം കാർഡുകൾ ഉപയോഗിച്ചാണ് നവമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയതെന്ന് കണ്ടെത്തി. ത്രിപുരയിലെ ടൂയിസാമയിൽ പ്രതിയുടെ വീട്ടിൽ അന്വേഷണസംഘം എത്തിയതറിഞ്ഞ് പ്രതി ഗവർണർ റിയാങ്ങ് മുങ്ങി. തുടർന്ന് ഡാംചേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവാലയത്തിലെ പഠന ക്ലാസ്സിൽനിന്നാണ് പിടികൂടിയത്.

പിന്നീട് കാഞ്ചൻപുർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കി ഏഴുദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയശേഷം പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കി.

28 ലക്ഷത്തിലേറെ രൂപയാണ് പ്രതിയുടെ അക്കൗണ്ടിലേക്കു പരാതിക്കാരൻ അയച്ചുനൽകിയത്. പ്രതി കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഹൈദരാബാദിലെ മാധപുർ ഹൈടെക് സിറ്റിയിലും ജോലിചെയ്തിട്ടുണ്ട്. നാഗാലാൻഡ് കൊഹിമ സ്വദേശിയായ മറ്റൊരാളെ കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.