കൊച്ചി: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന് കളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകൾക്കകം കുന്നത്തുനാട് പൊലീസ് പിടികൂടി. കിഴക്കമ്പലം വിലങ്ങ് ഭാഗത്ത് ബിനുഭവനത്തിൽ ബിനു (38) വിനെയാണ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലങ്ങ് ഭാഗത്ത് താമസിക്കുന്ന തൊണ്ണൂറ് വയസുള്ള വൃദ്ധയുടെ മൂന്നരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ ഇയാൾ പൊട്ടിച്ച് കടന്ന് കളഞ്ഞത്. തുടർന്ന് പൊലീസ് ടീമായ് തിരിഞ്ഞ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു.

മാലയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എസ്‌ഐമാരായ ഏ.എൽ.അഭിലാഷ്, എ.ബി.സതീഷ്, എഎസ്ഐമാരായ പി.സജി, ജേക്കബ്ബ്, വേണുഗോപാൽ, രാജു, എസ്.സി.പി.ഒ മാരായ ടി.എ.അഫ്‌സൽ, സി.പി.ഒ മാരായ അനിൽകുമാർ, മിഥുൻ, ശ്രീജിത്ത്, അഭിലാഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.