ആലപ്പുഴ: ചായക്കടയിൽ ഗാർഹിക ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചത് അധികൃതർ പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴ ചാത്തനാട് ആശ്രമം റോഡിൽ ചാത്തനാട് പള്ളിക്കു വടക്കുവശം റോഡിന് കിഴക്ക് ഭാഗത്തായി താണുപറമ്പിൽ നവാസ് എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ചിപ്‌സ് സെന്റർ എന്ന ചായക്കടയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഉപയോഗിച്ച് വാണിജ്യാവശ്യത്തിനായി പാചകം നടത്തുന്നതായാണ് കണ്ടെത്തിയത്.

പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ ഏജൻസിയിൽ ഏൽപ്പിച്ചു. പരിശോധനയിൽ അമ്പലപ്പുഴ താലൂക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്‌പെക്ടർ മാരായ വി. ബിജി, ഷാഹിന അബ്ദുല്ല എന്നിവർ പങ്കെടുത്തു.

സർക്കാർ സബ്‌സിഡിയുള്ള ഗാർഹിക പാചക വാതക സിലിണ്ടറുകൾ അനധികൃതമായി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ല സപ്ലൈ ഓഫീസർ ടി. ഗാനദേവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.