- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ മൊത്തവ്യാപാരസ്ഥാപനം കത്തി നശിച്ചതിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ നഗരഹൃദയഭാഗത്ത് സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കച്ചവട സ്ഥാപനം കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഉടമയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് അന്വേഷണമാരംഭിച്ചു. കണ്ണൂർ പഴയബസ് സ്റ്റാൻഡിന് സമീപത്തെ മഹാദേവ് എന്ന മാർക്കറ്റിങ് സ്ഥാപനമാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ കത്തിനശിച്ചത്.
ഏകദേശം ഇരുപത്തിയഞ്ചുലക്ഷം രൂപയോളം വരുന്ന സാധനങ്ങൾ കത്തിനശിച്ചുവെന്നാണ് ഉടമയുടെ പരാതി. ബുധനാഴ്‌ച്ച രാത്രി പന്ത്രണ്ടരവരെ ഉടമയും രാജസ്ഥാൻ സ്വദേശിയുമായി രമേശും മറ്റു ജീവനക്കാരും കടയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇവർ കടപൂട്ടി താമസസ്ഥലത്തേക്കു മടങ്ങിയത്. രണ്ടുമണിക്കൂറിനു ശേഷം കട കത്തിച്ചാമ്പലായതാണ് ദുരൂഹതയ്ക്കു കാരണം.
പരിസരവാസികൾ കടയിൽ നിന്നും പുക ഉയരുന്നതു കണ്ട് കണ്ണൂർ ബർണശേരിയിലുള്ള ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഇവർ വാഹനവുമായി എത്തുകയുമായിരുന്നു അപ്പോഴെക്കെും തീ ആളിപടർന്നിരുന്നു. അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണോ അതോ ഏതെങ്കിലും സാമൂഹ്യദ്രോഹികൾ തീയിട്ടതാണോയെന്നതാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്.
അതേ സമയം കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം സാമൂഹ്യദ്രോഹികളുടെ താവളമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ രാത്രികാലങ്ങളിൽ തമ്പടിക്കുന്ന ഇത്തരക്കാരെ പേടിച്ചു തങ്ങൾ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നു വ്യാപാരികളിൽ ചിലർ പറഞ്ഞു. ഏതാനും മാസം മുൻപെ ഇതിനടുത്തു തന്നെ സമാനമായ രീതിയിൽ മറ്റൊരു മൊബൈൽ കടയും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന ആരോപണം ഉയർന്നിരുന്നു.




