പാലക്കാട്: വാഹന പരിശോധനയുടെ പേരിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ ലാത്തികൊണ്ടു മർദിച്ച വാളയാർ എസ്‌ഐയെ സ്ഥലം മാറ്റി. വാളയാർ ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്കുമാറിനെതിരെയാണ് നടപടി. അമ്മയുടെ ചികിത്സയ്ക്കായി കാറിൽ പോവുകയായിരുന്ന ദമ്പതികളെയും സഹോദരനെയും വാഹനപരിശോധനയ്ക്കിടെ ലാത്തികൊണ്ടു അതിക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവത്തിൽ ഇദ്ദേഹത്തെ കോഴിക്കോട് ജില്ലയിലേക്കു മാറ്റിയെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. ആരോപണവിധേയനായ പൊലീസ് ഡ്രൈവർക്കെതിരെ നടപടിയില്ല. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതായാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമിച്ചതു ഡ്രൈവറാണെന്നു മർദനത്തിൽ പരുക്കേറ്റ ജോൺ ആൽബർട്ടിന്റെ പരാതിയിൽ പറയുന്നു.

18നു രാത്രി വീട്ടിൽ തളർന്നുവീണ അമ്മ മദലൈമേരിയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മംഗലത്താൻചള്ളയിൽ വച്ചാണു ഹൃദയസാമി, സഹോദരൻ ജോൺ ആൽബർട്ട്, ജോണിന്റെ ഭാര്യ ഡെയ്‌സി എന്നിവർക്കു മർദനമേറ്റത്. ഹൃദയസാമിയുടെ വിരലിലെ എല്ലിനു ശസ്ത്രക്രിയ നടത്താൻ നിർദേശിച്ചിട്ടുണ്ട്.