- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടു പന്നിയെ വെടിവെച്ച് കൊന്ന് 1500 രൂപ പ്രതിഫലവും വാങ്ങി വേട്ടക്കാരൻ പോയി; വന്യമൃഗത്തിന്റെ ജഡത്തിന് ഒരു രാത്രി മുഴുവൻ കാവലിരുന്ന് കർഷകൻ
നിലമ്പൂർ: കൃഷി നാശമുണ്ടാക്കിയതിന് വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ ജഡത്തിന് കർഷകൻ കാവലിരുന്നത് ഒരു രാത്രി മുഴുവനും. വെടിവച്ചു കൊന്നയാൾക്ക് പ്രതിഫലമായി 1500 രൂപയും കർഷകൻ നൽകി. കർഷക സൗഹൃദ നഗരസഭയായി സ്വയം പ്രഖ്യാപിച്ച നിലമ്പൂരിലാണ് സംഭവം. മുതീരി പാടശേഖര സമിതി അംഗമായ യു.വി.മനോമോഹനനാണ് രാത്രി മുഴുവൻ പന്നിയുടെ ജഡത്തിന് കാവലാളാകേണ്ടി വന്നത്. കാട്ടു പന്നിയുടെ ജഡം മോഷണം പോയാൽ ജയിലിലാകുമെന്നതിനാലാണ് പത്ത് മണിക്കൂർ മനോമോഹനൻ ജഡത്തിന് കാവലിരുന്നത്.
രണ്ടാഴ്ച മുൻപ് പാടശേഖരത്തിലെ 23 ഏക്കറിലേക്ക് തയാറാക്കിയ ഞാർ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. തുടർന്ന് മനോമോഹനൻ നഗരസഭയ്ക്ക് പരാതി നൽകി. പന്നിയെ വെടിവയ്ക്കാൻ നഗരസഭ അനുമതി നൽകുകയും ഇതിനായി പാനലിലുള്ള മമ്പാട് സ്വദേശിയെ അധികൃതർ നിയോഗിക്കുകയും ചെയ്തു. 18ന് രാത്രി 11ന് കാട്ടുപന്നികളിൽ ഒന്നിനെ വെടിവച്ചിട്ടു. ജഡം നഗരസഭാധികൃതർക്ക് കൈമാറണമെന്നാണ് ചട്ടം. ഉദ്യോഗസ്ഥർ ജഡത്തിൽ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. വെടിവച്ചു കൊന്നത് നഗരസഭാ കൗൺസിലർ, വികസന സ്ഥിരസമിതി അധ്യക്ഷൻ എന്നിവർ മുഖേന അധികൃതരെ അറിയിച്ചു.
അതിനിടെ ജഡം മനോമോഹനനെ ഏൽപിച്ച് പ്രതിഫലം വാങ്ങി വേട്ടക്കാരൻ പോയി. വിജനമായ വയലിൽ ജഡവും കർഷകനും തനിച്ചായി. ജഡം ആരെങ്കിലും മാറ്റിയാൽ വന്യമൃഗ വേട്ടക്കേസിൽ ജയിൽവാസം ഉറപ്പ്.ഉദ്യോഗസ്ഥർ നേരം പുലർന്നിട്ടേ എത്തൂ എന്നറിഞ്ഞതോടെ കാട്ടുപന്നിയുടെ ജഡം മറ്റൊരാളുടെ സഹായത്തോടെ സ്‌കൂട്ടറിൽ കയറ്റി വീട്ടുമുറ്റത്തെത്തിച്ചു. ജഡത്തിൽ നിന്ന് ഒരു കഷണം മാംസം പോയാൽ കേസെടുക്കുമെന്ന വനം വകുപ്പിന്റെ മുന്നറിയിപ്പ് വീണ്ടും എത്തിയതോടെ പേടിച്ച് മനോമോഹനൻ ജഡത്തിനരികെ മുറ്റത്ത് കസേരയിട്ട് കാവലിരുന്നു. നഗരസഭയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ജഡം ഏറ്റുവാങ്ങിയപ്പോൾ ഇന്നലെ രാവിലെ 9 ആയി.
പാടശേഖര സമിതിയിലെ കർഷകർ വാഹനവാടക നൽകി തൃശൂരിൽ നിന്ന് വിത്തുകൊണ്ടുവന്ന് വീണ്ടും ഞാറ്റടി ഒരുക്കി. അതും പന്നികൾ കൂട്ടമായി എത്തി നശിപ്പിക്കുന്നുണ്ട്. വെടിവച്ചു കൊല്ലുന്നയാൾക്ക് പ്രതിഫലം നഗരസഭ നൽകണമെന്ന് കർഷകർ പറയുന്നു. എന്നാൽ പ്രതിഫലത്തെക്കുറിച്ച് സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടില്ലെന്നാണ് നഗരസഭാധികൃതരുടെ വാദം.



