കൊച്ചി: വേഗവർധനയുടെ ഭാഗമായി ട്രെയിനുകളുടെ സമയക്രമം മാറ്റിയതു വലയ്ക്കുന്നതായി ട്രെയിൻ യാത്രികർ. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്‌പ്രസിന്റെ സമയക്രമമാണ് യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. എറണാകുളത്തേക്ക് ജോലിക്കു പോകുന്ന സഥിരം യാത്രക്കാർക്കാണ് വേണാടിന്റെ പുതിയ സമയക്രമം വിനയായത്. വേണാട് എറണാകുളം ജംക്ഷനിൽ (സൗത്ത്) ഓഫിസ് സമയം പാലിക്കണമെന്നതു യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.

ഇരട്ടപ്പാത പൂർത്തിയായതോടെ വേണാട് എറണാകുളം ജംക്ഷൻ ഔട്ടർ വരെ സമയക്രമം പാലിച്ചിരുന്നു. രാവിലെ 9.35ന് എറണാകുളം ജംക്ഷൻ ഔട്ടറിൽ എത്തുന്ന ട്രെയിൻ സിഗ്‌നലിനായി അരമണിക്കൂർ കാത്തുകിടക്കുന്ന സാഹചര്യമാണ്. തുടർയാത്രയ്ക്കു ബസുകളും മെട്രോയും ആശ്രയിക്കുന്നവർ പിന്നെയും നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. യാത്രാക്ലേശം പരിഹരിക്കണമെന്നും കോട്ടയം വഴി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും ട്രെയിൻ യാത്രികരുടെ സംഘടനകൾ ആവശ്യപ്പെട്ടു. എറണാകുളം ഭാഗത്തെ വിവിധ സ്ഥാപനങ്ങളിൽ രാവിലെ ജോലിക്കു വരുന്നവരിൽ ഏറെപ്പേർ ആശ്രയിക്കുന്നത് വേണാടിനെയാണ്.

ഒക്ടോബറിൽ പുതുക്കിയ സമയക്രമത്തിൽ തിരുവനന്തപുരത്തിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ പലപ്പോഴും സമയക്രമം പാലിക്കാൻ വേണാടിനു കഴിയുന്നുമില്ല. വേണാട് തിരുവനന്തപുരത്തുനിന്നു രാവിലെ 05.05നു പുറപ്പെട്ട് എറണാകുളം ജംക്ഷൻ സ്റ്റേഷനിൽ 09.45ന് അകം എത്തുന്ന വിധം സമയം ക്രമീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.കോട്ടയം ഭാഗത്തുനിന്നു രാവിലെ പാലരുവി എക്സ്‌പ്രസ് കടന്നുപോയാൽ പിന്നെ വേണാടാണ് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ യാത്രക്കാരുടെ ആശ്രയം.

പാലരുവിക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് ഏർപ്പെടുത്തിയാൽ കോട്ടയം വഴിയുള്ള സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടുമെന്നും പറയുന്നു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ 22 കോച്ച് ട്രെയിനുകൾ നിർത്താൻ നീളമുള്ള പ്ലാറ്റ്‌ഫോം 3 എണ്ണം മാത്രമാണ്. ഇത്തരം പ്ലാറ്റ്‌ഫോം ലഭിക്കാൻ വേണ്ടിയാണ് 22 കോച്ചുള്ള വേണാട് പിടിച്ചിടുന്നത്. റെയിൽവേ സ്റ്റേഷൻ വികസനത്തോടൊപ്പം പ്ലാറ്റ്‌ഫോം പരിമിതികൾ മറികടക്കാനും അധികൃതരുടെ ഭാഗത്തുനിന്നു ശ്രമമില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം ഇനിയും തുടരും.