- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം; പ്രതിയെ പിടിക്കാതെ പൊലീസ്
കോഴിക്കോട്: കക്കോടി മോരിക്കരയിൽ ഗാന്ധിപ്രതിമയുടെ തല തകർത്ത കേസിൽ ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം. പ്രതികളെ കുറിച്ച് വിവരം നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഗാന്ധി പീസ് ഫൗണ്ടേഷൻ പരാതിപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
മോരിക്കരയിൽ ഗാന്ധിപ്രതിമ തകർത്ത സംഭവത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നിട്ടും പൊലീസിന്റെ ഭാഗത്ത് കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ല. മൂന്ന് പേരെ പ്രതി ചേർത്ത് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒരാളെ പോലും ഇതുവരെ പിടികൂടിയില്ല.
പ്രതികളെ കുറിച്ച് വ്യത്യമായി അറിയിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആരോപണം. ഈ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മോരിക്കര ബസ്റ്റോപ്പിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വ്യക്തികൾ തമ്മിലുണ്ടായ അതിർത്തി തർക്കത്തെ തുടർന്ന് എതിർകക്ഷികളാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
മോരിക്കര ബസ്റ്റോപ്പിന് സമീപം രണ്ട് സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഗാന്ധി പീസ് ഫൗണ്ടേഷനാണ് പ്രതിമ സ്ഥാപിച്ചത്. മറുഭാഗത്തുള്ള വ്യക്തിയുടെ സ്ഥലത്തേക്ക് ഗാന്ധി പ്രതിമ സ്ഥാപിച്ചിടത്തെ ഷെഡിന്റെ കാൽ സ്ഥാപിച്ചതാണ് തർക്കത്തിനും സംഘർഷത്തിനും കാരണം. ആക്രമണത്തിൽ ഗാന്ധി പ്രതിമയുടെ തല തകർന്നിരുന്നു.




