- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐക്ക് വഴിവിട്ട സഹായം; കണ്ണൂർ സർവകലാശാല ഡി.എസ്.എസിനെ തടഞ്ഞ് വെച്ച് കെ.എസ്.യു പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാലകോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് കൂട്ടുനിന്ന് വഴിവിട്ട സഹായങ്ങൾ ചെയ്ത് തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂർ സർവകലാശാല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ(ഡി.എസ്.എസ്) ഡോ.നഫീസ ബേബിയെ ഓഫീസ് മുറിയിൽ തടഞ്ഞ് വെച്ച് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു.
കണ്ണൂർ എസ്.എൻ കോളേജിലും, മാടായി കോളേജിലും, ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിലും കെ.എസ്.യു സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എസ്.എഫ്.ഐയുമായി ചേർന്ന് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും കണ്ണൂർ വനിതാ കോളേജിൽ ഉൾപ്പടെ എസ്.എഫ്.ഐ സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിക്കുന്നതിന് വഴിവിട്ട ഇടപെടൽ നടത്തുകയും ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഡി.എസ്.എസിന് എതിരെയുള്ള കെ.എസ്.യു പ്രതിഷേധം.
ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തെ സ്റ്റുഡന്റ്സ് അലുമിനി സെന്ററിലെ ഡി.എസ്.എസ്സിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ കെ.എസ്.യു പ്രവർത്തകർ അരമണിക്കൂറോളം ഡോ.നഫീസ ബേബിയെ തടഞ്ഞുവെച്ചു. ഓഫീസ് മുറിയിൽ നിലത്ത് ഇരുന്ന് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമം ആദ്യ ഘട്ടത്തിൽ പ്രവർത്തകർ ചെറുത്തു.
പിന്നീട് ടൗൺ എസ്.എച്ച്.ഒ ബിനു മോഹന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പടെ കൂടുതൽ പൊലിസെത്തിയാണ് പ്രവർത്തകരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ഭാരവാഹികളായ അഭിജിത്ത്.സി.ടി,ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പള്ളിൽ,ആഷിത് അശോകൻ,ആലേഖ് കാടാച്ചിറ,കാവ്യ.കെ,രാഹുൽ കല്ല്യാട്, അലോക്.കെ, അഭിജിത്ത് കാപ്പാട്, സായി റാം, സായന്ത്. പി.കെ, ദിയ ചന്ദ്രൻ, ഹരീഷ്മ.എം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി




