- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി വിൽപന; 250 പ്രശ്ന സാധ്യതാ സ്‌കൂളുകളുടെ പരിസരത്ത് വാഹന പട്രോളിങ്
തിരുവനന്തപുരം: 250 പ്രശ്‌നസാധ്യതാ സ്‌കൂളുകളുടെ പരിസരത്തു വാഹന പട്രോളിങ് തുടങ്ങിയതായി എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ അറിയിച്ചു. ലഹരിവിൽപനക്കാർ നോട്ടമിട്ടതായി എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്ത സ്‌കൂളുകൾക്ക് മുന്നിലാണ് പട്രോളിങ് ശക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വിൽപന ശക്തമായ സാഹചര്യത്തിലാണിത്. പലയിടത്തും കേസുകളെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകും.
സ്‌കൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടി നടത്തും. നിലവിൽ ഏഴായിരത്തോളം സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരം അറിയിക്കാൻ മടിക്കുന്ന അദ്ധ്യാപകരുടെ മനോഭാവം മാറ്റും. ഇവർക്കു ധൈര്യം നൽകും. കുടുംബത്തിലുള്ളവരുടെ ലഹരി ഉപയോഗം കുട്ടികളെ വഴിതെറ്റിക്കും.
ലഹരിമരുന്നു കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയവരെയും സ്ഥിരം കടത്തുകാരെയും പിടിക്കാൻ പ്രത്യേക പരിശ്രമം നടത്തും. സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന നിയമം പ്രയോഗിച്ചു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ശുപാർശ ചീഫ് സെക്രട്ടറിതല സമിതിക്കു വിട്ടുകഴിഞ്ഞു. സിഗരറ്റ്‌സ് ആൻഡ് അദർ ടൊബാക്കോ പ്രോഡക്ട്‌സ് ആക്ട് (കോട്പ) കേസുകളിൽ പിടിയിലാകുന്നവർക്കുള്ള പിഴ വർധിപ്പിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്തു. ഈ നിയമം ലംഘിച്ചു പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ പൂട്ടിക്കാനും വാഹനങ്ങൾ പിടിച്ചെടുക്കാനുമുള്ള ശുപാർശയും നൽകിയിട്ടുണ്ട്. ലഹരിമരുന്ന്, കുട്ടികൾക്കു വിൽക്കാനുദ്ദേശിച്ചുള്ളതാണെന്നു ബോധ്യപ്പെട്ടാൽ ബാലനീതി നിയമം പ്രയോഗിക്കാൻ എക്‌സൈസിന് അധികാരം നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ലഹരിമരുന്നു പരിശോധനയിൽനിന്നു രക്ഷപ്പെടാൻ ലഹരിസംഘം പെൺകുട്ടികളെ കാരിയർമാരാക്കുന്ന പ്രവണത വർധിക്കുന്നുണ്ട്. ഇതിനു പരിഹാരമായി വനിതാ ഉദ്യോഗസ്ഥരെ കൂടുതലായി പരിശോധനയ്ക്കു രംഗത്തിറക്കും. മക്കൾ ലഹരി ഉപയോഗിക്കുന്നതു തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക കൗൺസലിങ് നൽകും. സിനിമാ മേഖലയിലും മയക്കു മരുന്ന് ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ട് ഉണ്ട്.
കുടുംബത്തിൽ മദ്യപിക്കുന്നവരുണ്ടെങ്കിൽ കുട്ടികൾ ലഹരിയുടെ വഴിയിലേക്കു തിരിയാൻ സാധ്യതയേറെയാണ്. കുട്ടികളെ ലഹരിയിൽനിന്നു രക്ഷിക്കാനുള്ള ശ്രമം കുടുംബത്തിൽനിന്നു തുടങ്ങണം. 2021 ൽ 5700 ടൺ ലഹരിവസ്തുക്കൾ പിടികൂടിയപ്പോഴാണു കേരളത്തിലേക്കെത്തുന്ന ലഹരിയുടെ തീവ്രതയിൽ എക്‌സൈസിനു ഞെട്ടലുണ്ടായത്. ഇതേത്തുടർന്നാണു ലഹരിക്കെതിരെയുള്ള വിപുലമായ പ്രചാരണ പരിപാടി സർക്കാർ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു.



