തൃശൂർ: കയ്പമംഗലത്ത് എംഡിഎംഎയുമായി പിടിയിലായ പ്രതികളുടെ കയ്യിൽ നിന്ന് എക്‌സൈസിനു ലഭിച്ചത് ഇടപാടുകാരായ 150 പേരുടെ പട്ടിക. 15.2 ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ലഭിച്ച ഇടപാടു പട്ടികയിൽ വിദ്യാർത്ഥിനികൾ മുതൽ മത്സ്യത്തൊഴിലാളികൾ വരെ ഉൾപ്പെട്ടതായി വ്യക്തമായി. എംഡിഎംഎ വാങ്ങിയവരുടെ പേര്, ഫോൺ നമ്പർ, കൈപ്പറ്റിയ തുക എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. അര ഗ്രാമിന് 1500 രൂപ നിരക്കിലായിരുന്നു വിൽപന.

മുപ്പതോളം കടലാസുകളിലായി ഇരുന്നൂറ്റിയൻപതോളം ഇടപാടുകളുടെ വിവരങ്ങളാണുള്ളത്. ദിവസവും വാങ്ങുന്നവരും ഇടവിട്ടു വാങ്ങുന്നവരുമുണ്ട്. കടംവാങ്ങിയവരുടെ പട്ടിക പ്രത്യേകമായി സൂക്ഷിച്ചിരുന്നു. ഇക്കൂട്ടത്തിലും വിദ്യാർത്ഥിനികളുണ്ട്. അര ഗ്രാം വീതം വാങ്ങുന്നവരാണു പട്ടികയിലേറെയും. വാങ്ങുന്ന മിക്കവരും ഇതു സുഹൃത്തുക്കൾക്കിടയിൽ പങ്കിട്ടാണ് ഉപയോഗിച്ചിരുന്നതെന്നു പ്രതികൾ വെളിപ്പെടുത്തി. ഈ ശൃംഖലയിൽ ഉൾപ്പെട്ടവരുടെ എണ്ണം നാലോ അഞ്ചോ ഇരട്ടിയാകാൻ സാധ്യതയേറി.

വാങ്ങുന്നവരുടെ പട്ടികയിലുള്ള സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള നടപടി എക്‌സൈസ് വേഗത്തിലാക്കി. ഒറ്റത്തവണ ഉപയോഗിച്ചാൽ പോലും അടിമത്തമുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരിവസ്തുവാണ് എംഡിഎംഎ എന്നതിനാൽ കുട്ടികളെ ലഹരി വിമുക്തി ചികിത്സയ്ക്കു വിധേയമാക്കേണ്ടിവരും. 16നും 25നും ഇടയിൽ പ്രായമുള്ളവരാണു പട്ടികയിലേറെയും.