തിരുവനന്തപുരം: ഗവർണറുടെ രാഷ്ട്രീയ അജൻഡ ജനങ്ങൾ അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. കാര്യങ്ങൾ ഭ്രാന്തമായ നിലയിലാണ് പോകുന്നത്. വിദ്യാഭ്യാസരംഗത്ത് സംഘപരിവാറിന് ഇടപെടാൻ അവസരം ഉണ്ടാക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.

സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാന സർക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മിഷനുകളെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാല വൈസ് ചാൻസലർമാരെ സ്ഥാനത്തുനിന്നും മാറ്റാനുള്ള ഗവർണറുടെ നടപടി ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

'ഭരണഘടനാപരമായി ഒരു നാട്ടിലും കേട്ടുകേൾവിയില്ലാത്ത രീതിയിൽ സ്വേച്ഛാധിപത്യപരമായ നിലപാടുകളാണ് ഗവർണർ കുറച്ചുനാളുകളായി എടുക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് ഇതിനുപിന്നിലെന്ന് വ്യക്തമായ ധാരണ ജനങ്ങൾക്കുണ്ട്. കേരളത്തിൽ മതനിരപേക്ഷ അന്തരീക്ഷത്തോടെ ജനാധിപത്യപരമായി ജീവിക്കാനുള്ള സാഹചര്യമാണുള്ളത്. എല്ലാ മതനിരപേക്ഷ ഉള്ളടക്കങ്ങളെയും തകർത്ത് അന്ധവിശ്വാസം അടങ്ങിയ സിലബസ് ആണ് പഠിപ്പിക്കാൻ തീരുമാനിക്കുന്നത്. കേരളത്തിൽ അധികാരത്തിൽ എത്താനാകില്ലെന്ന് സംഘപരിവാറിന് അറിയാം. അതുകൊണ്ട് ഗവർണറെ ഉപയോഗിച്ച് പിൻവാതിലിലൂടെ സംഘപരിവാർ ആളുകളെ സർവകലാശാല തലവന്മാരായി മാറ്റാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.' എം വി ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസ് നേതാവിനെ അങ്ങോട്ടുപോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകൾ കേരള ജനത ചെറുത്തു തോൽപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.