കൊച്ചി: കാൽപ്പാദങ്ങളോട് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഒട്ടിച്ച് 78 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കവെ മലപ്പുറം സ്വദേശിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,762 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ സ്വർണ്ണ തോർത്തുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ തൃശ്ശൂർ സ്വദേശി ഫഹദ് ആണ് സ്വർണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ തോർത്തുകൾ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കൂടുതൽ തോർത്തുകൾ കണ്ടെത്തി. ഇതോടെയാണ് സ്വർണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗ്ഗത്തിന്റെ ചുരുളഴിഞ്ഞത്. സ്വർണത്തിൽ മുക്കിയ അഞ്ച് തോർത്തുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്.