സ്‌കൂൾ കാലം മുതൽ നിരവധി അദ്ധ്യാപകർ നമ്മളെ പഠിപ്പിച്ചിട്ടുണ്ടാകും. എന്നാൽ നമ്മുടെ മനസ്സിനെ സ്വാധീനിക്കാൻ സാധിച്ചത് വളരെ കുറച്ച് പേർക്കായിരിക്കും. അവരെ ഒരിക്കലും നമുക്ക് മറക്കാൻ സാധിക്കുകയും ഇല്ല. മുപ്പതുകൊല്ലത്തിനിപ്പുറം തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ വിമാനത്തിൽ കണ്ടുമുട്ടിയതിലെ സന്തോഷം പ്രകടിപ്പിക്കുന്ന ഫ്ളൈറ്റ് അറ്റൻഡന്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കാനഡയിലെ ഫ്ളൈറ്റ് അറ്റൻഡന്റായാ ലോറയുടെയും അവരുടെ പ്രിയഅദ്ധ്യാപികയായിരുന്ന ഒ. കോണലിന്റെയും കണ്ടുമുട്ടലാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. 1990ൽ ലോറയുടെ സ്‌കൂൾകാലത്തെ അദ്ധ്യാപികയായിരുന്നു കോണൽ. വിമാനത്തിലെ മൈക്കിലൂടെ ലോറ, കോണലിനെ കുറിച്ച് സംസാരിക്കുന്നതും അവർക്കരികിലേക്ക് ചെല്ലുന്നതും വീഡിയോയിലുണ്ട്. തന്റെ എക്കാലത്തെയും പ്രിയ അദ്ധ്യാപികയായിരുന്നു കോണൽ എന്നും 1990-നു ശേഷം അവരെ താൻ കണ്ടിട്ടില്ലെന്നും ലോറ പറയുന്നു.

താൻ ഷേക്സ്പിയറിനെ സ്നേഹിക്കാൻ കാരണക്കാരിയായതും പിയാനോ പഠിക്കാൻ പ്രേരിപ്പിച്ചതും കോണലാണെന്നും ലോറ പറയുന്നു. പിയാനോയിൽ എനിക്ക് മാസ്റ്റേഴ്സ് ഉണ്ട്, ഒരു ലേഖനം എഴുതാൻ ഞാൻ പ്രാപ്തയാണ്. നന്ദി മിസ്. കോണൽ. ഐ ലവ് യു, ലോറ പറയുന്നു. സംസാരത്തിനിടെ സന്തോഷത്താൽ ലോറയുടെ ശബ്ദം ഇടറുന്നുമുണ്ട്. തുടർന്ന് ലോറ വിമാനത്തിനുള്ളിലൂടെ അദ്ധ്യാപികയ്ക്ക് അടുത്തെത്തുന്നതും അവരെ ആലിംഗനം ചെയ്യുന്നതും കാണാം. അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലിന്റെ വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടിട്ടുള്ളത്.