കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും എൻഡോസൾഫാൻ സമര നായികയുമായ ദയാബായിക്ക്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങൾക്കിടയിലും എൻഡോസൾഫാൻ ദുരിത ബാധിതർക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ദയാബായിക്ക് പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവർത്തകന് നൽകാൻ തീരുമാനിച്ചിട്ടുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ദേശീയ പുരസ്‌കാരമാണ് എൻഡോസൾഫാൻ സമര നായിക കൂടിയായ പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശം ഉയർത്തിപ്പിടിച്ച് സാമൂഹിക ഉന്നമനം, മത നിരപേക്ഷത, വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതി, പ്രത്യേകിച്ച് തൊഴിൽ നൈപുണ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ.