തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് നാർകോട്ടിക് സ്‌പെഷൽ ഡ്രൈവ് ശക്തമാക്കിയതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ 1103 കേസുകൾ രജിസ്റ്റർ ചെയ്തു. 1127 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 24 വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്.

വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കി.

പ്രതികളിൽനിന്ന് 157.1 കിലോ കഞ്ചാവ്, 182 കഞ്ചാവ് ചെടികൾ, 1090.8 ഗ്രാം എം.ഡി.എം.എ, 1435 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 266.5 ഗ്രാം ഹഷീഷ് ഓയിൽ, 316 ഗ്രാം നാർകോട്ടിക് ഗുളികകൾ, 16 ഇൻജകഷൻ ആംപ്യൂളുകൾ എന്നിവ ഉദ്യാഗസ്ഥർ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിലെ ഒമ്പത പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറന്റുള്ള 440 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എല്ലാ എക്‌സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻസമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2341 കുറ്റവാളികളുടെ ഡേറ്റ ബാങ്ക് തയാറാക്കി നിരീക്ഷണം ശക്തമാക്കി.