- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിത്വ നഗരത്തിലേക്ക് ഒരു ചുവട് കൂടി കണ്ണൂർ; ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യനീക്കം തുടങ്ങി
കണ്ണൂർ: ശുചിത്വനഗരത്തിലേക്കുള്ള യാത്രയിൽ ഒരു ചുവടുകൂടി. ഏറെക്കാലത്തെ മുറവിളിക്കു ശേഷം കണ്ണൂർ കോർപ്പറേഷൻ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യൽ പ്രവൃത്തി ഇന്ന് തുടങ്ങി. പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയിൽ 60 വർഷമായി തള്ളിയ മാലിന്യം നീക്കം ചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും.
ബയോമൈനിങ് വഴി മാലിന്യം ശാസ്ത്രീയമായി തരം തിരിക്കും. കോഴിക്കോട് എൻ.ഐ.ടി നടത്തിയ സർവ്വേ പ്രകാരം 123822 ക്യുബിക് മീറ്റർ മാലിന്യമാണ് ചേലോറയിൽ ഉള്ളത്.ഇവ പ്രത്യേക സ്‌ക്രീനർ മെഷീനിലെ കൺവെയർ ബെൽറ്റിലൂടെ കടത്തിവിട്ട് വേർതിരിച്ചെടുക്കും. വേർതിരിച്ചു കിട്ടുന്നവയിൽ പ്ലാസ്റ്റിക് സിമന്റ് ഫാക്ടറികൾക്ക് കമ്പനി കൈമാറും. മറ്റുള്ള മാലിന്യങ്ങൾ പുനരുപയോഗത്തിന് കൈമാറും.മണിക്കൂറിൽ 850 മുതൽ 1000 ക്യൂബിക് മീറ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകളാണ് പ്രവർത്തിക്കുക.
ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും.പൂണെ ആസ്ഥാനമായ റോയൽ വെസ്റ്റേൺ പ്രോജക്ട് എൽ. എൽ.പിജൻ ആധാർ സേവാ ഭാവി സാൻസ്താ,അരവിന്ദ് അസോസിയേറ്റ്സ് എന്നീ കമ്പനികൾ ചേർന്നുള്ള കൺസോർഷ്യമാണ് 8 കോടിയോളം രൂപ ചെലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. 8 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കും.ഈ പദ്ധതിയിലൂടെ ചേലോറ നിവാസികൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാവുകയാണ് എന്ന് മേയർ അഡ്വ.ടി.ഒ മോഹനൻ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്റെ ശുചിത്വത്തിനും പ്രാധാന്യം നൽകിയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കോർപ്പറേഷൻ ഏറ്റെടുത്ത് നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡ പ്രകാരം കണ്ണൂർ നഗരത്തെ മാലിന്യ രഹിത നഗരമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മേയർ പറഞ്ഞു.പ്രവൃത്തിയുടെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവ്വഹിച്ചു. ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ടിങ് എഞ്ചിനീയർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി ഷമീമ ടീച്ചർ,എം പി രാജേഷ്,അഡ്വ.പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ വി കെ ശ്രീലത, മുസ്ലിഹ് മഠത്തിൽ, കെ പ്രദീപൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ വിവിധ കക്ഷി നേതാക്കളായ സുധീഷ് മുണ്ടേരി, ഫാറൂഖ് വട്ടപ്പൊയിൽ, എം നൈനേഷ്, വെള്ളോറ രാജൻ, യു.ടി ജയന്തൻ, ചാലോടൻ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.




