വാണിമേൽ: പനിബാധിച്ച തമിഴ്‌നാട് സ്വദേശിയായ പതിനാറുകാരിക്ക് മന്ത്രവാദചികിത്സയ്ക്ക് വിധേയയാക്കിയതായി പരാതി. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് പ്രത്യേകപരിഗണന ആവശ്യമുള്ള പെൺകുട്ടിയെ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെൺകുട്ടിക്കാണ് പനി ബാധിച്ചത്. തുടർന്ന് പെൺകുട്ടിയെ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമാക്കുക ആയിരുന്നു.

ആക്രിസാധനങ്ങൾ പെറുക്കുന്ന തമിഴ് കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. ശരീരത്തിൽ ബാധ കൂടിയതാണെന്നും അതിനാൽ പേടിച്ചുപോയതാണ് പനിക്ക് കാരണമെന്നുമായിരുന്നു മാതാപിതാക്കളുടെ വാദം. ഇതേത്തുടർന്ന് വീട്ടിൽ ബന്ധുക്കളുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രവാദചികിത്സ നടത്തി. കോളനിയിലെ വീടുകൾ വളരെ അടുത്തായതിനാൽ മന്ത്രവാദചികിത്സ നടത്തുന്നത് സമീപത്തെ വീട്ടുകാർ അറിഞ്ഞിരുന്നു. തുടർന്നാണ് ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയത്.

പനിമാറാനാണ് മന്ത്രവാദചികിത്സ നടത്തുന്നതെന്ന് വീട്ടുകാർ അയൽവീട്ടുകാരോട് പറഞ്ഞു. അയൽവാസികളിൽനിന്നുമാണ് നാട്ടുകാർ വിവരം അറിയുന്നത്. പെൺകുട്ടിക്ക് വീട്ടിൽ മതിയായ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് തൂണേരി ബ്ലോക്ക് മുൻ പ്രസിഡന്റ് എൻ.പി. ദേവി, ഗ്രാമപ്പഞ്ചായത്ത് മെമ്പർ മിനി, അങ്കണവാടി ടീച്ചർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ കോളനിയിലെത്തി വീട്ടുകാരുമായി സംസാരിച്ചു.

തുടർന്ന് ഇവരുടെ നേതൃത്വത്തിൽ വളയം ഗവ. ആശുപത്രിയിലും പിന്നീട് നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സതേടി. പനിയും മൂത്രത്തിൽ പഴുപ്പും ബാധിച്ച നിലയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിൽ കൊണ്ടുപോകാൻ മാതാപിതാക്കളുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി. പെൺകുട്ടിയെ ഹോസ്റ്റലിൽ ചേർക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.