തിരുവനന്തപുരം: ഏറ്റവും മികച്ച വാഹന കളക്ഷനുകളുടെ ഉടമയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ്. മലയാള സിനിമയിലെ ആദ്യ ലംബോർഗിനി ഉടമയായ അദ്ദേഹം അടുത്തിടെയാണ് ഹുറാകാൻ വിറ്റ് ലംബോർഗിനി ഉറുസ് സ്വന്തമാക്കിയത്. ഈ വാഹനത്തിന് പിന്നാലെ ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡീസിന്റെ ജി63 എ.എം.ജി കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ.

കേരളത്തിലെ മുൻനിര പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ റോയൽ ഡ്രൈവിൽ നിന്നാണ് ഈ വാഹനവും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ലംബോർഗിനി ഉറുസും ഇവിടെ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. എമറാൾഡ് മെറ്റാലിക് ഗ്രീൻ നിറത്തിൽ ഒരുങ്ങിയിട്ടുള്ള ജി63 എ.എം.ജിയാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്. ഏറ്റവുമധികം സ്പെസിഫിക്കേഷനും മികച്ച കസ്റ്റമൈസേഷനും വരുത്തിയിട്ടുള്ള എസ്.യു.വിയാണിതെന്നാണ് റോയൽ ഡ്രൈവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

 
 
 
View this post on Instagram

A post shared by Royal Drive (@royaldrivellp)

ഈയൊരു സ്പെസിഫിക്കേഷനുള്ള സ്പോർട്സ് യൂടിലിറ്റി വെഹിക്കിളിന് കേരള നിരത്തിൽ നാലര കോടി രൂപ വിലവരും. ഇത്തരമൊരു കരുത്തൻ എസ്.യു.വിയാണ് പൃഥ്വിരാജ് ഇപ്പോൾ സ്വന്തമാക്കിയത്. വാഹന പ്രേമികളെ ലഹരി പിടിപ്പിക്കുന്ന മോഡൽ എസ് യു വി, പ്രി ഓൺഡ് കാറുകളുടെ സൂപ്പർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്ന് രണ്ടാം തവണയാണ് പൃഥ്വിരാജ് സ്വന്തമാക്കുന്നത്.

2021 ജനുവരിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് റോയൽ ഡ്രൈവിലൂടെ പൃഥ്വിരാജിന്റെ ഗ്യാരേജിൽ എത്തിയിട്ടുള്ളത്. ലംബോർഗിനി ഉറുസ്, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു 7 സീരീസ്, പോർഷെ കെയ്ൻ, മിനി കൂപ്പർ തുടങ്ങിയ വാഹനങ്ങളാണ് പൃഥിരാജിന്റെ ഗ്യാരേജിലുള്ള മറ്റ് ആഡംബര വാഹനങ്ങൾ.

മെഴ്സിഡസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റർ വി8 ബൈ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. 3982 സി.സിയിൽ 576 ബി.എച്ച്.പി.പവറും 850 എൻ.എം. ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. 240 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 4 .5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കും.