പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീർ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.

വധശ്രമത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സമീർ അലിയെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലപാതകത്തിന് തലേ ദിവസവും അതേദിവസവും പാലക്കാട് ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ആഴ്ച മറ്റൊരു പ്രതിയും അറസ്റ്റിലായിരുന്നു. കേസിൽ 37-ാം പ്രതിയായിരുന്ന ബഷീറാണ് അറസ്റ്റിലായത്. പാലക്കാട് വെണ്ണക്കര സ്വദേശിയാണ് ഇയാൾ. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും തലേ ദിവസവും ജില്ല ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ ബഷീർ പങ്കെടുത്തായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതോടെ അറസ്റ്റും നീളുകയായിരുന്നു.

ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധീഖും നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാത പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, അടക്കം കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.