വണ്ടിപ്പെരിയാർ: 24കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. തേങ്ങാക്കൽ എസ്റ്റേറ്റിലെ സെൽവരാജിന്റെ മകളും സത്രം പുതുവലിലെ സെൽവകുമാറിന്റെ ഭാര്യയുമായ സംഗീതയെയാണു (24) കഴിഞ്ഞ 24നു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണു സംസ്‌കരിച്ചത്.

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് തന്റെ മകൾ നിരന്തരം പീഡനം നേരിട്ടിരുന്നതായി സംഗീതയുടെ മാതാവ് ചന്ദ്ര പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 5 പവന്റെ സ്വർണവും 60,000 രൂപയും സെൽവകുമാറിനു നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. പല തവണ ശാരീരിക ഉപദ്രവം ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇനി പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് സെൽവകുമാറിന്റെ വീട്ടുകാർ സ്റ്റേഷനിൽവച്ച് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും ഭർത്താവിനൊപ്പം മകളെ അയച്ചത്.

23നു രാത്രി സംഗീത ഉച്ചത്തിൽ നിലവിളിക്കുന്നത് അയൽവാസികൾ കേട്ടിരുന്നതായും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഗീതയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ ഫിലിപ് സാം പറഞ്ഞു.