പത്തനംതിട്ട: നിലയ്ക്കൽ-പമ്പ റൂട്ടിൽ ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി എത്തിക്കുന്നതിൽ അധികവും മോശം ബസുകൾ. കാലഹരണപ്പെട്ട ജന്റം ബസുകളാണ് തീർത്ഥാടകർക്കായി ഇവിടേക്ക് എത്തുന്നത്. കൃത്യമായ അറ്റകുറ്റപ്പണിയോ ഫിറ്റ്‌നസ് പരിശോധനയോ നടത്താതെയാണ് മാസപൂജസമയത്തുൾപ്പടെ ബസുകൾ നിലയ്ക്കലിലേക്ക് എത്തിക്കുന്നത്. അതിനാൽ തന്നെ ഇവ വൻ ദുരന്തത്തിനിടിയാക്കിയേക്കാം. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് നിലയ്ക്കലേക്ക് മോശം ബസുകൾ എത്തിക്കുന്നത്.

ഇത്തവണ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ചെയിൻ സർവീസിന് മാത്രം 200 ബസുകൾ എത്തിക്കുമെന്ന് മന്ത്രി പമ്പയിൽ നടത്തിയ അവലോകന യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ അധികവും ജന്റം ബസുകളാണെന്നും ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഈ ബസുകളുടെ ഫിറ്റ്‌നസും അറ്റകുറ്റപ്പണിയും ഉറപ്പാക്കിയ ശേഷമാണോ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞിട്ടില്ല. മുൻകാല അനുഭവം വെച്ചുനോക്കിയാൽ വിവിധ ജില്ലകളിൽ ഉപയോഗിക്കാതെകിടന്ന് കാലപ്പഴക്കം ചെന്ന ബസുകളാണ് നിലയ്ക്കലിൽ എത്തിക്കുന്നത്. ഇത് ഇത്തവണയും തുടരാനാണ് സാധ്യത.

കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ തീർത്ഥാടകരുടെ വലിയതിരക്കാണ് ഇത്തവണ ശബരിമലയിലേക്ക് പ്രതീക്ഷിക്കുന്നത്. അതിനാൽ സുരക്ഷ ഉറപ്പില്ലാത്ത ബസുകൾ എത്തിച്ചാൽ ദുരന്തത്തിന് വഴിമാറാനാണ് സാധ്യത. സീസൺ സമയത്ത് ആയിരക്കണക്കിന് തീർത്ഥാടകരാണ് നിലയ്ക്കലിൽനിന്ന് പോകാനായി കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്നത്. തിരക്കനുസരിച്ച് ബസില്ലാതെ വരുമ്പോൾ പിന്നീട് കുത്തിനിറച്ചാവും ചെയിൻ സർവീസ് നടത്തുന്നത്. 115 മുതൽ 125 വരെ തീർത്ഥാടകരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് നടത്തുന്നത്.

ഫൈബർ പാർട്ടുകൾ കൂടുതലായി ഉപയോഗിച്ചിട്ടുള്ള ജന്റം ബസുകൾ അറ്റകുറ്റപ്പണിയില്ലാതെ നിരന്തരം ഓടിക്കുന്നത് കാരണം തീപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കെ.എസ്.ആർ.ടി.സി.യിലെ വിദഗ്ദ്ധർതന്നെ പറയുന്നത്. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നിറയെ തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ജന്റം ബസ് വനത്തിനുള്ളിൽവെച്ച് പൂർണമായും കത്തിനശിച്ചത് രണ്ടുവർഷം മുമ്പാണ്. ബസിലുണ്ടായിരുന്ന എഴുപതോളം തീർത്ഥാടകരെ പൊലീസ് ഇടപെട്ടാണ് വേഗത്തിൽ പുറത്തിറക്കിയത്. എന്നിട്ടും മൂന്നുപേർക്ക് പൊള്ളലേറ്റു. എന്നിട്ടും സർക്കാർ കണ്ണടയ്ക്കുകയാണ്.