പമ്പ: ശബരിമല തീർത്ഥാടനത്തിനായ് 300 ബസുകൾ വിവിധ ഡിപ്പോകളിൽ നിന്നായി പമ്പയിൽ എത്തിക്കും. മകരവിളക്ക് ദിവസം മാത്രം 1000 ബസുകളും എത്തിക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പമ്പയിൽചേർന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനമായി. നിലയ്ക്കൽനിന്ന് പമ്പയിലേക്ക് ഒരു മിനിട്ടിൽ ഒരു ബസ് എന്ന രീതിയിൽ സർവീസിന് 200 ബസുകൾ ഉണ്ടാകും. ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളിൽനിന്നോ കൂട്ടമായി എത്തുന്ന തീർത്ഥാടകർക്ക് ഒരുമിച്ചുപോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക.

വാഹനം ആവശ്യമുള്ളവർക്ക് ഗ്രൂപ്പ് ബുക്കിങ് നടത്താം. ബുക്ക് ചെയ്യുന്നവർക്കായി കെ.എസ്.ആർ.ടി.സി.ബസ് ക്രമീകരിച്ചു നൽകും. നാൽപ്പതുപേരെങ്കിലും സംഘത്തിൽ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സർവീസ് നടത്തും. നിലയ്ക്കലിൽ മുതിർന്ന പൗരന്മാർക്ക് വാഹനത്തിൽ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉൾപ്പെടെ ഒരുക്കും. നവംബർ പത്തോടുകൂടി വകുപ്പുതല പ്രവർത്തനങ്ങൾ പൂർത്തിയാക്കും.

ആന്റോ ആന്റണി എംപി., എംഎ‍ൽഎ.മാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, കോട്ടയം സബ് കളക്ടർ സഫ്ന നസ്റുദീൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.