കൊച്ചി: മലപ്പുറത്തെ അറിയപ്പെടുന്ന തങ്ങൾ കുടുംബാംഗമെന്നു പറഞ്ഞു പറ്റിച്ചു ബിസിനസ് പങ്കാളിയാക്കിയ ശേഷം തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി യുവതി. തന്റെ സ്റ്റിച്ചിങ് യൂണിറ്റിലെ തുണികളും മെഷിനുകൾ ഉൾപ്പെടെയുള്ളവയും തട്ടിയെടുക്കുകയും കായികമായി ഉപദ്രവിക്കുകയും ചെയ്തായി തിരുവനന്തപുരം സ്വദേശിനി പറഞ്ഞു. കൊച്ചി കലൂരിൽ തയ്യൽ യൂണിറ്റു നടത്തിയിരുന്ന മുപ്പത്തിനാലുകാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

മലപ്പുറം കൽപകഞ്ചേരി കുന്നത്തുപറമ്പിൽ സക്കീർ (42), തിരൂരങ്ങാടി പുതിയമാളിയേക്കൽ സയ്യിദ് സാബിദ് അയ്ദീദ് (37) എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി. തന്നെ ആക്രമിച്ചതു ചോദ്യം ചെയ്ത 15 വയസ്സുകാരനായ മകനോട് പ്രതികളിലൊരാൾ ഫോണിൽ വധഭീഷണി മുഴക്കിയതായും യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് ദിവസങ്ങളായെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാർഗ്ഗമായ സ്റ്റിച്ചിങ് യൂണിറ്റ് നഷ്ടമയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യുവതിയും കുടുംബവും.

പ്രതികൾക്കെതിരെ ഗൗരവമായ വകുപ്പുകൾ ചുമത്തിയെങ്കിലും സ്റ്റേഷനിൽ വിളിച്ചുവരുത്തി പറഞ്ഞു വിട്ടു. പരാതിയിൽ അറസ്റ്റിന് കമ്മിഷണർ നിർദേശിച്ചപ്പോൾ പ്രതികളെ ഫോണിൽ വിളിച്ചു സൗഹൃദ സംഭാഷണം നടത്തുകയാണു പൊലീസ് ചെയ്തതെന്നും യുവതി പറയുന്നു. എറണാകുളം നോർത്ത് പൊലീസിനെതിരെയാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ പരാതി നൽകി മൂന്നു ദിവസത്തിനു ശേഷം കേസെടുത്തെങ്കിലും മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കി നൽകിയെന്നും യുവതി ആരോപിച്ചു. ഹൈക്കോടതിയിൽ എത്തിയ ജാമ്യാപേക്ഷ പട്ടികജാതിക്കാരിക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉള്ളതിനാൽ കീഴ്‌ക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ഭർത്താവിന് അപകടം സംഭവിച്ചു കിടപ്പിലായതോടെ മറ്റു വരുമാനമാർഗം ഇല്ലാതായ യുവതി ജോലി അന്വേഷിച്ചാണ് കൊച്ചിയിലെത്തിയത്. പ്രതികളിൽ ഒരാളായ സക്കീറിന്റെ സ്ഥാപനത്തിൽ ജോലി ലഭിച്ച് അവിടെ പ്രവേശിച്ചെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളുമായുള്ള പ്രശ്‌നങ്ങളെ തുടർന്നു അടച്ചിടേണ്ടി വന്നു. ഇതോടെ ജോലി നഷ്ടപ്പെട്ട യുവതി സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റ് സ്ഥാപിച്ച് പത്തിലേറെ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളുമായി സ്ഥാപനം നടത്തി വരികയായിരുന്നു. എന്നാൽ സക്കീറും സയ്യീദും ചേർന്ന് യുവതിയെ കബളിപ്പിച്ച് ഈ സ്ഥാപനം തട്ടിയെടുക്കുക ആയികുന്നു.

സക്കീർ മലപ്പുറം സ്വദേശി സയ്യിദ് തങ്ങൾ എന്നയാളെ കൂട്ടി വന്ന് ഇയാൾ തങ്ങൾ കുടുംബാംഗമാണെന്നു പരിചയപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ചേർന്നു തുടങ്ങുന്ന ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാകാൻ ക്ഷണിച്ചെങ്കിലും നിരസിച്ചു. മൂന്നു പ്രാവശ്യം വന്നപ്പോൾ താൽപര്യം പ്രകടിപ്പിച്ചു. വീണ്ടും വന്നപ്പോഴാണ് ബിസിനസ് പങ്കാളിത്തത്തിനു സമ്മതിച്ചത്. ഹിന്ദിക്കാരായ ജീവനക്കാരോടു സംസാരിക്കാൻ വേണ്ട അറിവില്ലാത്തതിനാലാണ് ഇക്കാര്യത്തിൽ വിദഗ്ധരായ ബിസിനസ് പങ്കാളികൾ ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ചത്. ഇതിനായി സയീദ് എടുത്ത കെട്ടിടത്തിലേക്കു സ്വന്തം ജീവനക്കാരെയും മെഷിനുകളും മാറ്റി.

ഈ സമയം പങ്കാളിത്ത കരാർ എഴുതണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. 100 മെഷിനറികൾ വാങ്ങും എന്നു പറഞ്ഞിട്ട് അതിനുള്ള നടപടികൾ ഉണ്ടായില്ല. ഇതിനിടെ സ്ഥാപനത്തിൽനിന്നു രേഖകളില്ലാതെ തുണി എടുത്തു കൊണ്ടുപോയി മലപ്പുറത്ത് സ്വന്തം തുണിക്കട തുടങ്ങിയതായും പറയുന്നു. ചോദ്യം ചെയ്തപ്പോൾ ഉപദ്രവിക്കുകയും ശാരീരികമായി അധിക്ഷേപിക്കുകയും ലൈംഗിക ബന്ധത്തിനു ക്ഷണിക്കുകയും ചെയ്തു. കൂടെ ജോലി ചെയ്ത യുവതികളുമായും ശാരീരിക ബന്ധത്തിനു ശ്രമിച്ചതോടെ പലരും ജോലി ഉപേക്ഷിച്ചു പോയി.

കയ്യേറ്റം ചെയ്തതോടെ സ്ഥാപനത്തിലേക്കു പോകാൻ സാധിക്കാതെ മാനസികമായി തളർന്നു പോയ യുവതി ചില സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് പൊലീസിൽ പരാതി നൽകിയത്. മൂന്നാം ദിവസം കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ താൽപര്യം കാണിക്കുന്നില്ലെന്നു യുവതി പറയുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മൊത്തവ്യാപാരികൾക്കായി കടം വാങ്ങി വച്ച വസ്ത്രങ്ങൾ പ്രതികളുടെ പക്കലായതിനാൽ തിരികെ ലഭിക്കുന്നതിനു നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.