പുറത്തൂർ: കടലിൽ മുങ്ങിയ ബോട്ടിനെ സിംപിളായി പൊക്കിയെടുത്ത് കരയ്‌ക്കെത്തിച്ച് സേവ്യർ. ബോട്ട് വലിച്ചിട്ടും ക്രെയിൻ പൊക്കിയിട്ടും മുങ്ങിക്കിടന്ന ബോട്ടിനെയാണ് സേവ്യർ നിഷ്പ്രയാസം പൊക്കിയെടുത്തത്. രണ്ട് മാസം മുൻപ് പടിഞ്ഞാറേക്കര അഴിമുഖത്ത് കടലിൽ മുങ്ങിപ്പോയ സഖാവ് എന്ന മത്സ്യബന്ധന ബോട്ടിനെയാണ് കൊല്ലം സ്വദേശി സേവ്യർ പൊക്കിയെടുത്തത്.

താനൂർ സ്വദേശികളുടെ 80 ലക്ഷം രൂപയോളം വിലവരുന്ന ബോട്ടാണ് മുങ്ങിപ്പോയത്. ഇതു പൊക്കിയെടുക്കാൻ പലമാർഗങ്ങളിലൂടെയും ഉടമകൾ ശ്രമിച്ചിരുന്നു. ബോട്ടുകൾ ഉപയോഗിച്ച് വലിച്ചും ക്രെയിൻ കൊണ്ട് പൊക്കിയുമെല്ലാം ഇതിനു ശ്രമിച്ചെങ്കിലും നടന്നില്ല. ആൾബലവും പരാജയപ്പെട്ടു. ഒടുവിലാണ് മുങ്ങിപ്പോയ ബോട്ടുകൾ പൊക്കിയെടുക്കുന്ന കൊല്ലം സ്വദേശി സേവ്യറിനെക്കുറിച്ച് അറിയുന്നത്. കാര്യം അറിയിച്ച ഉടൻ രണ്ടുപേരുമായി സേവ്യർ സ്ഥലത്തെത്തി. ബോട്ടിന്റെ വെള്ളത്തിനു മുകളിൽ കാണുന്ന ഭാഗങ്ങളിൽനിന്ന് 2 മോട്ടർ ഉപയോഗിച്ച് പതിയെ വെള്ളം പുറത്തേക്ക് അടിച്ചുമാറ്റി.

വെള്ളം മാറ്റുന്നതിന് അനുസരിച്ച് ബോട്ട് പൊങ്ങിവന്നു. തന്ത്രപൂർവമുള്ള ഈ പണി ശരിക്കും ഏറ്റു. ബോട്ടിനുള്ളിലെ വെള്ളം പൂർണമായി പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ ഇത് കടലിൽ പൊങ്ങിക്കിടന്നു. പലരും ശ്രമിച്ചിട്ടും നടക്കാത്ത പണി 2 മണിക്കൂർ കൊണ്ട് സേവ്യർ തീർത്തു. പിന്നെ മറ്റു 2 ബോട്ടുകളിൽ കെട്ടി സഖാവിനെ കരയിലെത്തിച്ചു. ഇവിടെ വച്ച് മോട്ടറും പ്രവർത്തിപ്പിച്ചു നോക്കി. 2 മാസം കടലിൽ കിടന്നതിനാൽ ബോട്ടിനു തകരാറുകളുണ്ട്. ഇതെല്ലാം ശരിയാക്കി സഖാവ് വീണ്ടും കടലിലേക്കിറങ്ങും.