കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെങ്കിലും ഇവർ തമ്മിൽ ഏകോപനമില്ലെന്ന കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷത്തിന്റെ പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതൃ നിരയിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കുന്നുവെന്ന തരത്തിൽ വിലയിരുത്തൽ വരുന്നത് ശരിയല്ല. ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും. പ്രവർത്തക സമിതിയിലേക്ക് താത്ക്കാലിക പട്ടികയാണ് പുറത്തുവന്നത്. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോൾ കേരളത്തിന് കാര്യമായ പരിഗണന കിട്ടും. എല്ലാതലങ്ങളിലും കോൺഗ്രസ് ക്ഷീണിച്ചു. അതിനാൽ പാർട്ടിയെ എല്ലാതലങ്ങളിലും ഉയർത്തിക്കൊണ്ടുവരണം. ഇതാണ് നേതൃത്വത്തിന്റെ വെല്ലുവിളി.

കേരളത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് അഴിമതി മാത്രമാണ്. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിൽ വിശ്വാസം ഉണ്ടെന്നതാണ് സ്പ്രിങ്ളർ കരാർ തെളിയിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.