തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ ധർണ സംഘടിപ്പിച്ചു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ ജില്ലാ ഘകടത്തിന്റേയും, ഐ.എം.എ ജില്ലാ കമ്മിറ്റിയുടേയും സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടത്തിയത്. ഐ.എം.എ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹ് ധർണ ഉദ്ഘാടനം ചെയ്തു.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന പാവപെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കുമെന്നും. ആശുപത്രി ആക്രമണങ്ങളുടെ അടിസ്ഥാന കാരണങ്ങളായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും, സുരക്ഷാ ജീവനക്കാരുടെ കുറവും, നിയന്ത്രണാതീതമായ തിരക്കും പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡോ. സുൾഫി നൂഹ് ആവശ്യപ്പെട്ടു.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടക്കം ചികിത്സിക്കുന്ന ആശുപത്രികളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധർ രോഗികളുടെ ജീവൻ വച്ചാണ് പന്താടുന്നതെന്നും ഇത്തരം ദുഷ് പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണെന്നും ഡോ. സുൾഫി പറഞ്ഞു.

ചടങ്ങിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ ജി.എസ്. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ ശ്രീജിത്ത് എൻ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു.