കായംകുളം: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ് പിടിയിലായത്. മുതുകുളം സ്വദേശിനിയായ പതിനാറ് വയസുകാരിയെ സ്‌നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23ന് ആണ് സംഭവം നടന്നത്. കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്നു. സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയുന്നു. തുടർന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കായംകുളം ഡി. വൈ. എസ്. പി. അലക്‌സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഷാഹിന, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.