- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും സാരമായ പരിക്കില്ല
ആലുവ: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോർട്ട് വന്ന ഫയർഫോഴ്സ് വാഹനം അപകടത്തിൽപ്പെട്ടു. ആലുവ ദേശത്ത് കണ്ടെയിനർ ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ നെടുമ്പാശ്ശേരിയിൽ നിന്നും ആലുവ പാലസിലേക്ക് പോകുന്ന വഴിയാണ് അപകടം. അതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിടിച്ചാണ് അപകടം.ആർക്കും സാരമായ പരിക്കില്ല.
അപകടത്തെതുടർന്ന് മറ്റൊരു ഫയർഫോഴ്സ് വാഹനം ഒരുക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകൾ നേരാനാണ് മുഖ്യമന്ത്രിയെത്തിയത്.ചികിത്സയ്ക്കായി ജർമ്മനിയിൽ പോകാൻ തയ്യാറെടുക്കുന്ന ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു. പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പറഞ്ഞു.
15 മിനിറ്റ് നേരം ഉമ്മൻ ചാണ്ടിയുമായും മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനുമായും മുഖ്യമന്ത്രി സംസാരിച്ചു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകുന്ന ഉമ്മൻ ചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
സുഖവിവരങ്ങൾ അന്വേഷിച്ച് അൽപസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 79ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസിൽ എത്തിയത്.
നടൻ മമ്മൂട്ടിയും ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഗസ്റ്റ് ഹൗസിലെത്തി. ജർമ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മൻ ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻ ചാണ്ടി വിശ്രമിക്കുന്നത്.




