കല്പറ്റ: മുത്തങ്ങവനത്തിൽ കെഎസ്ആർടിസി ഒരുക്കിയ ജംഗിൾ സഫാരി ആസ്വദിച്ച് നെതർലന്റ് സംഘം. കടുവയെയും കാട്ടുപോത്തിനെയും പുലിയെയുമൊക്കെ തൊട്ടടുത്ത് കണ്ടുള്ള യാത്ര ആസ്വദിക്കാൻ വിദേശ സംഘവും എത്തുകയായിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ ജംഗിൾ സഫാരിയുടെ പരസ്യത്തിൽ ആകൃഷ്ടരായ ആറുപേരാണ് ഞായറാഴ്ച രാത്രിയിലെ സഫാരിയിൽ പങ്കാളികളായത്.

നാലുമണിക്കൂർനീണ്ട കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാനും അവർക്ക് അവസരം ലഭിച്ചു. ഒക്ടോബർ അഞ്ചിനാണ് ജംഗിൾ സഫാരിക്ക് മുത്തങ്ങയിൽ തുടക്കമിട്ടത്. 12 സർവീസുകളിലായി 502 പേർ പങ്കാളികളായി. 1.5 ലക്ഷരൂപ വരുമാനവും കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. വൻ ഡിമാൻഡാണ് ഈ സർവീസിനെന്ന് വയനാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ആന്റണി പറഞ്ഞു.

നവംബറിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലേക്കുള്ള ബുക്കിങ് പൂർത്തിയായി. 48 യാത്രക്കാരുണ്ടെങ്കിൽ എല്ലാദിവസവും സഫാരിനടത്തും. ഒരാൾക്ക് 300-രൂപയാണ് നിരക്ക്.