- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി കടത്തിന് പത്തു മാസത്തിനിടെ അറസ്റ്റിലായത് 24,962 പേർ; രജിസ്റ്റർ ചെയ്തത് 22,606 കേസുകൾ
കോഴിക്കോട്: ലഹരി വിരുദ്ധ നടപടികൾ ഊർജ്ജിതമാക്കി കേരള പൊലീസ്. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ 24,962 പേർ അറസ്റ്റിലായി. ഇതുവരെ 22,606 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ് - 3030 കേസുകൾ. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറച്ച് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് - 501 കേസുകൾ.
ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് -3386 പേർ. തിരുവനന്തപുരം ജില്ലയിൽ 3007 പേരും മലപ്പുറം ജില്ലയിൽ 2669 പേരും അറസ്റ്റിലായി. ഏറ്റവും കുറച്ച് പേർ (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്.
ഇക്കൊല്ലം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവിൽ പിടികൂടുകയുണ്ടായി.




